Tuesday, January 14, 2025
Google search engine
HomeFarm Tourismപൂന്തോട്ടത്തില്‍ ലാലേട്ടനും മമ്മൂക്കയും, സെല്‍ഫിയെടുക്കാന്‍ തിരക്കോട് തിരക്ക്

പൂന്തോട്ടത്തില്‍ ലാലേട്ടനും മമ്മൂക്കയും, സെല്‍ഫിയെടുക്കാന്‍ തിരക്കോട് തിരക്ക്

പൂത്തുലഞ്ഞു നില്‍ക്കുന്ന ജമന്തിപ്പൂക്കള്‍ക്ക് നടുവില്‍ നിറ ചിരിയോടെ മോഹന്‍ലാലും മമ്മൂട്ടിയും. എത്ര സമയം വേണമെങ്കിലും ഇവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാം, കേരളത്തിന്റെ കാര്‍ഷിക ഗ്രാമമായ ആലപ്പുഴ കഞ്ഞിക്കുഴിയിലേക്ക് പോന്നാല്‍ മതി. വ്യത്യസ്തമായ കാര്‍ഷിക ആശയങ്ങള്‍ കണ്ടെത്തി ശ്രദ്ധേയനായ യുവ കര്‍ഷകന്‍ സുജിത്താണ് പൂപ്പാടത്ത് മലയാളത്തിന്റെ പ്രിയ താരങ്ങളുടെ കട്ടൗട്ട് നിര്‍മിച്ചു സെല്‍ഫിയെടുക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

കാര്‍ഷിക ഗ്രാമത്തിലെ പൂന്തോട്ടം

കേരളത്തിന്റെ കാര്‍ഷിക ഗ്രാമമാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് അടുത്തുള്ള കഞ്ഞിക്കുഴി. നിരവധി പേരാണിവിടെ ജൈവ രീതിയില്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത്. ഇവിടെയുള്ള കര്‍ഷകരില്‍ ഏറെ വ്യത്യസ്തനാണ് സുജിത്. വേറിട്ട കൃഷി രീതികളില്‍ നിന്നും മികച്ച വരുമാനം കണ്ടെത്തുന്നതു തന്നെയാണ് സുജിത്തിന്റെ പ്രത്യേകത. ഇത്തവണയും സംഗതി ക്ലിക്കായി. പൂന്തോട്ടത്തിനൊപ്പം സിനിമാതാരങ്ങളുടെ കട്ടൗട്ടും സ്ഥാപിച്ച് സെല്‍ഫിയെടുക്കാനുള്ള അവസരവുമുണ്ട്. ചെറിയൊരു ഫീസ് ഈടാക്കിയാണ് പൂ പാടത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

ഒരേക്കറില്‍ 6000 ചെടി

കഞ്ഞിക്കുഴിയിലെ ഒരേക്കര്‍ പാടത്താണ് ജമന്തികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. ബംഗുളൂരുവില്‍ നിന്ന് എത്തിച്ച 6000 തൈകളാണ് ഇവിടെ നട്ടത്. ചാണകപ്പൊടി അടിവളമായി ചേര്‍ത്തായിരുന്ന നടല്‍. ഓപ്പണ്‍ പ്രിസഷന്‍ ഫാമിങ് എന്ന ഹൈടെക് സംവിധാനത്തിലാണ് കൃഷി. വെള്ള, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ജമന്തികളാണുള്ളത്. 50-55 ദിവസം കൊണ്ട് ചെടികളില്‍ പൂക്കള്‍ വരും.
70-75 ദിവസം ആകുമ്പോഴേക്കും നല്ല പോലെ പൂത്തുലഞ്ഞു നില്‍ക്കും, ഇപ്പോള്‍ ഈ അവസ്ഥയിലാണ്. ഈ സമയത്താണ് സന്ദര്‍ശകരെ അനുവദിച്ചു തുടങ്ങിയത്. 70 രൂപ നിരക്കിലാണ് മൂത്ത പൂവുകള്‍ ഇപ്പോള്‍ നല്‍കുന്നത്. ഓണം സീസണ്‍ അടുക്കുമ്പോഴേക്കുമിത് 150-200 ആകുമെന്ന പ്രതീക്ഷയിലാണ് സുജിത്.

അധിക വരുമാനത്തിന് ഇടവിളകളും

ജമന്തി തൈകള്‍ നട്ടതിന്റെ ഇടവിളയായി ചീരയും വെള്ളരിയും നട്ടിരുന്നു. ചീര 25 ദിവസത്തിന് ശേഷവും വെള്ളരി 45-50 ദിവസത്തിനിടയ്ക്കും വിളവെടുക്കാം. ഇവ വിളവ് എടുത്ത ശേഷമാണ് സന്ദര്‍ശകരെ അനുവദിച്ചത്. കാഴ്ചക്കാരെ ആകര്‍ഷിക്കാനായി മോഹന്‍ലാല്‍, മമ്മൂട്ടി, മാവേലി എന്നിവരുടെ കട്ടൗട്ടുകളും സ്ഥാപിച്ചു.
കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനൊപ്പം ഇത്തരം പുതുമകള്‍ കൂടി കണ്ടെത്തിയാലേ കര്‍ഷകര്‍ക്ക് നല്ല വരുമാനം ലഭിക്കുകയുള്ളൂവെന്ന് പറയുന്നു സുജിത്. ടൂറിസം-കാര്‍ഷിക മേഖലകള്‍ ഒരുമിച്ച് മുന്നേറണം . എന്നാല്‍ മാത്രമേ പ്രാദേശിക ഉത്പന്നങ്ങള്‍ നല്ല വില ലഭിക്കുകയും തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യുകയുള്ളൂ. ഓണം അവധിയാകുന്നതോടെ പൂപ്പാടത്തേക്ക് സന്ദര്‍ശകര്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!