മൂന്നാർ: കോവിഡ് പ്രതിസന്ധിയിൽ വാടിക്കൊഴിഞ്ഞ അതിർത്തിയിലെ പൂപ്പാടങ്ങളിൽ വീണ്ടും നവോന്മേഷം. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂവിപണിയിൽ ഉണർവ് പ്രകടമായിട്ടുള്ളത്. പാടങ്ങളിൽ പൂക്കൾ നിറഞ്ഞതോടെ കർഷകരും ആഹ്ലാദത്തിലാണ്.
ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തേനി ജില്ലയിലാണ് പൂവിപണി സജീവമായിരിക്കുന്നത്. അവിടെ നിന്നും എത്തിക്കുന്ന പൂക്കൾ ഏറെ ഉപയോഗിക്കുന്ന മൂന്നാറിലും എസ്റ്റേറ്റ് പ്രദേശങ്ങളിലും പൂ വിപണിയിലുണ്ടായ മാറ്റം പ്രകടമാണ്.
പൂവിപണി സജീവമായതോടെ മുല്ലപ്പൂ കൃഷി ഏറെയുള്ള നാമക്കൽ ജില്ലയിൽനിന്നും മൂന്നാറിലും പരിസരങ്ങളിലും പൂക്കൾ ഏറെ എത്തുന്നുണ്ട്. തേനി ജില്ലയിലെ ചിന്നമന്നൂർ വില്ലേജിൽ ഉൾപ്പെട്ട അളകാപുരി, മുത്തുലാപുരം, അയ്യംപെട്ടി, പൂലാനന്തപുരം, തരന്തംപെട്ടി എന്നിവിടങ്ങളിലാണ് പൂകൃഷി ഏറെയുള്ളത്. ഇവിടങ്ങളിൽനിന്നുള്ള പൂക്കളിൽ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത് ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന ബോഡിമെട്ട്, കന്പംപെട്ടി എന്നിവിടങ്ങളിലാണ്.
തേനി, ഉസിലാംപെട്ടി എന്നിവിടങ്ങളിലാണ് പൂവിപണി. കോവിഡ് കാലത്തെ അപേക്ഷിച്ച് വില കൂടുതൽ ലഭിക്കുന്നതും കർഷകർക്ക് ആശ്വാസമാണ്. മുല്ലപ്പൂവിനാണ് വിപണിയിൽ ഏറ്റവും ഡിമാന്റുള്ളത്. കിലോയ്ക്ക് 400 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ജമന്തിപ്പൂവിനാണ് ഏറ്റവും കുറവ് വില. ഒരു കിലോ ജമന്തിക്ക് നാൽപ്പതു രൂപയാണ് വില. അലങ്കാരത്തിനു ഉപയോഗിക്കുന്ന പൂക്കൾക്കു പുറമേ ഒൗഷധഗുണത്തിനായി വിളവെടുക്കുന്ന പൂക്കൾക്കും ഇപ്പോൾ നല്ല കാലമാണെന്ന് കർഷകർ പറയുന്നു.