വടക്കാഞ്ചേരി: ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയോരത്ത് കുറാഞ്ചേരി പെട്രോൾ പന്പിനു സമീപം കാഴ്ചക്കാർക്കു വിസ്മയമൊരുക്കി റംബൂട്ടാൻ തോട്ടം. നിരവധി മരങ്ങൾ ഒരുമിച്ചു കായ്ച്ചതോടെ ഇനി മധുരപ്പഴത്തിന്റെ വിളവെടുപ്പു കാലമാണ്. പാകമായ ഫലങ്ങൾ നിധിപോലെ കാത്തു സംരക്ഷിക്കുകയാണു കർഷകർ. വിലയിലും ഗുണമേന്മയിലും ഒരുപടി മുന്നിൽ നിൽക്കുന്ന പഴങ്ങൾക്കു സുരക്ഷയൊരുക്കാൻ ഭീമൻ വലകളിട്ട് സംരക്ഷണം തീർത്തിരിക്കുകയാണ്.
പക്ഷികളിൽ നിന്ന് കായകൾ സംരക്ഷിച്ചെടുക്കുകയാണു പ്രഥമ ലക്ഷ്യം. ചേന്നോട്ട് വീട്ടിൽ ജോസ്(56) ആണ് മികവിന്റെ കൃഷിത്തോട്ട പരിപാലകൻ. 2018 ലാണ് എറണാംകുളം കലൂർ സ്വദേശി അബ്ദുള്ളക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൃഷിയാരംഭിച്ചത്. മൂന്നാം വർഷം മുതൽ വിളവെടുത്തു തുടങ്ങി. ഇപ്പോൾ വിളവെടുപ്പു സീസണായാൽ ആവശ്യക്കാർ ഏറെയാണ്. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നതെന്നതിനാൽ പഴം വിഷരഹിതമാണ്. ഏപ്രിൽ മാസത്തോടെയാണ് വിളവെടുപ്പു നടക്കാറുള്ളത്. മഴ മൂലം ഇത്തവണ വിളവെടുപ്പു വൈകി. ചൂടു കാലാവസ്ഥയിലാണു റംബൂട്ടാൻ പഴുത്ത് പാകമാവുന്നത്.