ചരിത്രങ്ങളും, ഐതിഹ്യങ്ങളും, മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സ്ഥലമാണ് അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ‘ദ്രവ്യപ്പാറ’. തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമാണ് അമ്പൂരി.. ‘കാണിക്കാര്‍’ എന്ന ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ് പണ്ടുകാലത്ത് ഈ പ്രദേശത്ത് ഏറ്റവും കൂടുതലായി താമസിച്ചിരുന്നത്.
ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയും തിരുവിതാംകൂര്‍ മഹാരാജാവുമായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍നിന്നു രക്ഷതേടുവാനായി ഒളിച്ചു താമസിച്ചുവെന്നു കരുതപ്പെടുന്ന ഗുഹയും, ആദിവാസികളുടെ ഗുഹാക്ഷേത്രവും, മലമുകളിലെ മനോഹര കാഴ്ചകളുമാണ് ദ്രവ്യപ്പാറയുടെ പ്രത്യേകതകള്‍.
1721കളില്‍ എട്ടുവീട്ടില്‍പിള്ളമാരില്‍നിന്നു രക്ഷപ്പെട്ട് ആര്യന്‍കോടിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് മാര്‍ത്താണ്ഡവര്‍മ ആദ്യം അഭയംതേടിയത്. വിവരമറിഞ്ഞെത്തിയ എട്ടുവീട്ടില്‍പിള്ളമാരും പടയാളികളും കീഴാറ്റൂറില്‍ എത്തുമ്പോഴേക്കും മാര്‍ത്താണ്ഡവര്‍മ വെള്ളറട വഴി അമ്പൂരിയിലേക്ക് കടന്നിരുന്നു. അന്ന് ഇവിടമെല്ലാം നിബിഢമായ വനപ്രദേശമായിരുന്നു. അന്നത്തെ ആദിവാസി മൂപ്പനായിരുന്ന മാത്തന്‍കാണിയുടെ ഊരിലായിരുന്നു മാര്‍ത്താണ്ഡവര്‍മ അഭയം പ്രാപിച്ചത്.
മാര്‍ത്താണ്ഡവര്‍മ്മ അമ്പൂരി കാടുകളിലുണ്ടെന്ന വാര്‍ത്ത എട്ടുവീട്ടില്‍പിള്ളമാരുടെ ചെവിയിലുമെത്തി. ഉടനെതന്നെ അവര്‍ അങ്ങോട്ടേക്ക് തിരിച്ചുവെങ്കിലും കാട്ടുമൂപ്പന്റെ വേഷമണിയിച്ച് ആദിവാസികളിലൊരാളെപ്പോലെ എട്ടുവീട്ടില്‍പിള്ളമാരുടെ സൈന്യത്തിന്റെ മുമ്പിലൂടെ മാര്‍ത്താണ്ഡവര്‍മയെ അന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയി. അവിടുന്ന് നേരേ ദ്രവ്യപ്പാറയിലായിരുന്നു മാര്‍ത്താണ്ഡവര്‍മയെ എത്തിച്ചത്. എട്ടുവീട്ടില്‍പിള്ളമാര്‍ ഈ സ്ഥലവും മണത്തറിഞ്ഞുവെങ്കിലും ആര്‍ക്കും ഈ മലമുകളില്‍ കയറുവാനായില്ല.
മാര്‍ത്താണ്ഡവര്‍മയ്ക്ക് ദ്രവ്യപ്പാറയിലേക്കു കയറാന്‍ ആദിവാസികള്‍ തിടുക്കത്തില്‍ പണിത പടവുകളാണ് ഇന്നും ഇവിടെ കാണുന്ന 72 കല്‍പ്പടികള്‍. 72 ആദിവാസികള്‍ 10 മണിക്കൂര്‍കൊണ്ടാണ് ഈ പടികള്‍ നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ഈ പടികള്‍ കയറി ദ്രവ്യപ്പാറയുടെ മുകളിലെത്തുവാന്‍ കായികാഭ്യാസവും സാഹസികതയുമുള്ള ഒരാള്‍ക്ക് മാത്രമേ കഴിയൂ. അങ്ങനെ ആരെങ്കിലും മുതിര്‍ന്നാല്‍ മുകളില്‍നിന്നു കരിങ്കല്ലുകള്‍ ഉരുട്ടി വധിക്കാനായിരുന്നു ഈ ശൂന്യതയാര്‍ന്ന പ്രതലം ഉപയോഗിച്ചിരുന്നത്.
ആഴ്ചകളോളം സൈന്യം ദ്രവ്യപ്പാറയുടെ താഴെ തമ്പടിച്ചിരുന്നുവെങ്കിലും മാര്‍ത്താണ്ഡവര്‍മയുടെ പൊടിപോലും കണ്ടെത്താനായില്ല. പാറയുടെ നെറുകയില്‍ നിര്‍മിച്ച തുരങ്കത്തിലൂടെ മാര്‍ത്താണ്ഡവര്‍മയെ അതിവിദഗ്ധമായി ആദിവാസികള്‍ കടത്തുകയായിരുന്നു. ഇവിടെനിന്നു രാജാവിനെ രക്ഷപ്പെടുത്തി കൊണ്ടുപോയത് നാഗര്‍കോവിലിലെ മാറത്തച്ഛന്‍ തറവാട്ടിലായിരുന്നു. ബാക്കി കഥകളെല്ലാം ചരിത്രം.
തന്നെ സഹായിച്ച ആദിവാസികളെ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തിരിച്ചു സഹായിക്കുവാനും മറന്നില്ല. അധികാരത്തിലേറിയശേഷം അവര്‍ക്ക് ദ്രവ്യപ്പാറയോട് ചേര്‍ന്ന് 1001 പറ നിലം കരം ഒഴിവാക്കി പതിച്ചു നല്‍കുകയുണ്ടായി.
ദ്രവ്യപ്പാറയില്‍ ഒരുപാട് നിഗൂഢതകള്‍ ഇപ്പോഴും ഒളിഞ്ഞു കിടക്കുന്നുണ്ട്. പാറയുടെ മുകളിലേക്ക് കയറുക എന്നത് അത്ര എളുപ്പമുള്ള ഒരു പണിയല്ല. തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും പ്രയാസമേറിയ ട്രക്കിംഗ് സ്ഥലങ്ങളില്‍ ഒന്നാണ് ദ്രവ്യപ്പാറ.. ശക്തമായ കാറ്റിനെ പ്രതിരോധിച്ചു കൈ കൊണ്ട് ഓരോ പടികളിലും പിടിച്ച് തൂങ്ങി വേണം ദ്രവ്യപ്പാറയുടെ മുകളിലെത്താന്‍. സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും, ചരിത്രകഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും യാത്ര പോകുവാന്‍ ഏറ്റവും അനുയോജ്യമായൊരു ഇടമാണ് ദ്രവ്യപ്പാറ..!
(ചിത്രകാരനും സഞ്ചാരിയുമായ നിജുകുമാര്‍ വെഞ്ഞാറമ്മൂട് എഴുതിയത്)