മോട്ടോർ സൈക്കിളിലൂടെയുള്ള ഭൂഖണ്ഡാന്തര യാത്ര ഭൂരിഭാഗം റൈഡേഴ്സിന് ഇന്നും ഒരു സ്വപ്നവും വെല്ലുവിളിയും ആണ്, അപ്പോൾ 70 വർഷം മുമ്പ് ഇത് എത്ര വലുതാണെന്ന് നമുക്ക് ഊഹിക്കാൻ മാത്രമേ കഴിയൂ, അക്കാലത്ത് തന്റെ 22ആം വയസ്സിൽ അതുപോലെ ഒരു യാത്ര പോയ വക്തിയാണ് വിനിഫ്രഡ് വെൽസ്.. ആദ്യമായി ഒരു റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ ഭൂഖണ്ഡാന്തര യാത്ര നടത്തിയ സ്ത്രീയാണ് വിനിഫ്രഡ് വെൽസ്.
മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒത്തിരി കഷ്ടപ്പാടുകൾ സഹിച്ചു 20ആം വയസ്സിൽ അവൾ മോട്ടോർ സൈക്കിൾ ലൈസൻസ് സ്വന്തമാക്കുകയും പെർത്തിലെ ഒരു പ്രാദേശിക മോട്ടോർസ്പോർട്ട് ക്ലബിൽ അംഗമാകുകയും ചെയ്യുന്നു, അവിടെയും അവൾക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു.. മോട്ടോർ സൈക്കിളിൽ ഒരു സ്ത്രീ? അന്നത്തെ സാമൂഹിക അവസ്ഥയുമായി യാതൊരു വിധത്തിലും പൊരുത്തപ്പെടാനാവാത്ത ചിത്രം.
പക്ഷെ സാഹസികതയോടുള്ള അവളുടെ അടക്കാനാവാത്ത ദാഹം അവളെ തന്റെ ലക്ഷ്യത്തിലേക്ക് തന്നെ എത്തിച്ചു. തന്റെ ലക്ഷ്യത്തെ മാത്രം മുന്നിൽക്കണ്ട വിനിഫ്രഡ് വെൽസ് എല്ലാ മുൻവിധികളെയും മാറ്റിമറിച്ചു ഇംഗ്ലഡിൽ നിന്നും ഇറക്കുമതി ചെയ്ത തന്റെ 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉപയോഗിച്ച് ഓസ്‌ട്രേലിയയിലുടനീളം നിരവധി ടൂറുകൾ ആരംഭിച്ചു.
1950 ഡിസംബർ 26 ന്, പെർത്തിൽ നിന്ന് സിഡ്നിയിലേക്കും തിരിച്ചുമുള്ള മൂന്നാഴ്ചയോളം നീണ്ട സോളോ യാത്ര ആരംഭിച്ചു, ഒരു ദിവസം 600 കിലോമീറ്റർ ദൂരം താണ്ടി മൊത്തത്തിൽ 6100 കിലോമീറ്റർ സഞ്ചരിച്ചു വിജയകരമായി ആ യാത്ര പൂർത്തിയാക്കി. ഒത്തിരി അനുമോദനങ്ങൾ ആണ് അന്നവൾക്ക് ലഭിച്ചത്, പെർത്ത് നിവാസികൾ വലിയൊരു സ്വീകരണം ആണ് അവൾക്ക് നൽകിയത്. രണ്ടുവർഷത്തിനുശേഷം, ഓസ്‌ട്രേലിയൻ ഭൂഖണ്ഡം മുഴുവൻ ചുറ്റിക്കറങ്ങാൻ അവൾ പുറപ്പെട്ടു.
1952 സെപ്റ്റംബർ 23 ന് അവളുടെ പിതാവ് ജോർജ്ജിനൊപ്പം രണ്ടു ബുള്ളറ്റുകളിലായി ആരംഭിച്ച യാത്ര യഥാർത്ഥ മോട്ടോർ സൈക്കിൾ ചരിത്രം എഴുതി. 44 ° C വരെ താപനിലയിൽ, ഇരുവരും 16,000 കിലോമീറ്ററോളം പാതകളില്ലാത്ത റോഡുകളിൽ കൂടി സഞ്ചരിച്ചു. മരുഭൂമിയിലൂടെയുള്ള 1,600 കിലോമീറ്റർ ദൂരമുള്ള നുള്ളാർബർ പ്ലെയിൻ മുറിച്ചുകടക്കുക എന്നതായിരുന്നു അവരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഒത്തിരി തവണ അപകടങ്ങൾ സംഭവിച്ചു, നിരവധി തവണ ടയർ പങ്ചർ ആയി, യാത്രക്കിടയ്ക്ക് ചരൽ റോഡിൽ വേഗത്തിൽ വാഹനമോടിക്കുന്നതിനിടെ ഉണ്ടായ ഒരു അപകടത്തിൽ, അവളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, ഇത് പല റൈഡർമാർക്കും അവരുടെ യാത്രയുടെ അവസാനമാകുമായിരുന്നു, പക്ഷേ അവളുടെ വിധി മറ്റൊന്നായിരുന്നു. 65 ദിവസത്തിനുശേഷം മുൻകൂട്ടി ആസൂത്രണം ചെയ്ത അതേ റൂട്ടിലൂടെ രണ്ടുപേരും സ്വന്തം നാട്ടിലേക്ക് മടങ്ങി.
വലിയ സ്വീകരണം ആണ് ഇരുവർക്കും ലഭിച്ചത്, ഈ യാത്രയുമായി ബന്ധപ്പെട്ട് റോയൽ എൻഫീൽഡ് കമ്പനി വിനിഫ്രഡ് വെൽസിന് ഇംഗ്ലണ്ടിൽ നിന്നും ഒരു വെള്ളികപ്പ് അയച്ചുകൊടുത്തു ആദരിച്ചു. ഇതോടുകൂടി ഓസ്ട്രേലിയൻ ജനത റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ നെഞ്ചിലേറ്റി, റോയൽ എൻഫീൽഡിന്റെ ജനപ്രീതി വർദ്ധിച്ചു ഒപ്പം സെയിലും. അതിനുശേഷം അവൾ നിരവധി ഓസ്‌ട്രേലിയൻ മോട്ടോർ സൈക്കിൾ റേസുകളിൽ പങ്കെടുക്കുകയും, വിജയിക്കുകയും പിന്നീട് പൈലറ്റായി ജീവിതം നയിക്കുകയും ചെയ്തു. 2020 ഫെബ്രുവരി 1ന് തന്റെ 92ആം വയസ്സിൽ വിനിഫ്രഡ് വെൽസ് അന്തരിച്ചു.