അവധിക്കാലം ആഡംബരമായി ആഘോഷിക്കാന്‍ പറ്റിയ ഇടമാണ് ബോറ ബോറ. പസഫിക് സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന ഫ്രഞ്ച് അധീനതയിലുള്ള ദ്വീപസമൂഹമാണ് ബോറ ബോറ. 30.55 കിലോമീറ്റര്‍ ആണ് ആകെ ഭൂവിസ്തൃതി. ദ്വീപിന്റെ മധ്യഭാഗത്തായി അഗ്‌നിപര്‍വതത്തിന്റെ ശേഷിപ്പുകള്‍ കാണാന്‍ സാധിക്കും. മൗണ്ട് പാഹിയ, മൗണ്ട് ഒട്ടെമാനു എന്നീ പര്‍വതങ്ങളും ബോറ ബോറയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഒരു തടാകവും ദ്വീപിനുള്ളില്‍ സ്ഥിതിചെയ്യുന്നു. തഹിതിയന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഇവിടെയുള്ളത്.
പണ്ട് ഇവിടത്തെ ഓരോ ദ്വീപും പ്രാദേശിക തലവന്‍മാരുടെ കീഴിലായിരുന്നു. 1700 കളില്‍ ഇംഗ്ലീഷുകാരുടെ അധിനിവേശത്തോടെ ഭൂരിഭാഗം പ്രദേശങ്ങളും ഇവരുടെ നിയന്ത്രണത്തിലായി. പിന്നീട് ഫ്രഞ്ചുകാര്‍ ഇംഗ്ലീഷുകാരെ തുരത്തുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഫ്രഞ്ച് അധീനതയിലാണ് ഈ പ്രദേശം.
ഒട്ടനവധി ആഡംബര റിസോര്‍ട്ടുകളും ബോറാ ബോറയുടെ തീരങ്ങളില്‍ കാണാം. തെങ്ങുകളാല്‍ സമൃദ്ധമായ നാടുകൂടിയാണ് ബോറ ബോറ. 25 മുതല്‍ 30 ഡിഗ്രി വരെയാണ് ഇവിടത്തെ അന്തരീക്ഷ താപനില. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.