കാശൊക്കെ കൂട്ടിവച്ച് പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യണമെന്നാണ് പലരുടെയും പ്ലാന്‍. എന്നാല്‍ ഓരോ തിരക്കുകളിലും സാമ്പത്തിക ഞെരുക്കത്തിലും അത് പാളിപ്പോകും. ബാധ്യതകള്‍ എല്ലാം തീര്‍ത്തിട്ട് റിട്ടയര്‍മെന്റ് കാലത്ത് പോകാനുള്ളതല്ല പല യാത്രകളും. കയാക്കിംഗും ഹൈക്കിംഗും പാരാഗ്ലൈഡിംഗും സ്‌കൂബായുമൊക്കെ ആരോഗ്യമുള്ളപ്പൊഴേ നടക്കൂ. വരുമാനം കുറവാണെങ്കില്‍ ആദ്യം തന്നെ അധിക വരുമാനം കണ്ടെത്താനുള്ള പാര്‍ട്ട് ടൈം ജോലികളോ ഓണ്‍ലൈന്‍ ട്യൂഷനോ മറ്റോ ആരംഭിക്കാം. ചെറു സംരംഭങ്ങളില്‍ പങ്കാളിയായും വരുന്ന വര്‍ഷത്തില്‍ കൂടുതല്‍ വരുമാനം ഉറപ്പാക്കാം. ഇതെല്ലാം നിങ്ങളുടെ നിലവിലെ സമയം ഉത്തരവാദിത്തങ്ങള്‍ എന്നിവ നോക്കി ചെയ്യുക. ഇനി ഇതിനോടൊപ്പം പോക്കറ്റ് കാലിയാകാതെ യാത്രചെയ്യാനുള്ള വഴി കൂടി പറയാം.
- ദൂര യാത്രകള്‍ ഒരു വര്‍ഷം മുമ്പേ പ്ലാന്‍ ചെയ്യുക, ടൂര്‍ പാക്കേജുകളും ബജറ്റ് ടൂര്‍ ഗ്രൂപ്പുകളുടെ പ്ലാനുകളും പരിശോധിക്കുക.
- ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ക്ക് മികച്ച ഏജന്‍സി, വിമാനക്കമ്പനി എന്നിവയുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാം.
- ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്ന യാത്രകള്‍ക്ക് പാക്കേജ് ഓഫര്‍ ഉണ്ടോ എന്നു പരിശോധിക്കാം.
- ഓഫറുകള്‍ കണ്ടുമാത്രം യാത്രയ്ക്കായി ഒരുങ്ങരുത്. യാത്ര ചെയ്യാനുള്ള സ്ഥലം, താമസം, ഭക്ഷണം, തങ്ങുന്ന ഹോട്ടല്‍ എന്നിവയെക്കുറിച്ചും ബുക്കിംഗ് കമ്പനിയെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണം.
- എയര്‍ ബിഎന്‍ബി, അഗോഡ, മേക്ക് മൈ ട്രിപ്പ് തുടങ്ങിയ വെബ്സൈറ്റ്/ ആപ്പുകള്‍ വഴി ബുക്ക് ചെയ്താല്‍ ബജറ്റ് ട്രാവലിന് ഏറെ ഉപകാരപ്രദമാണ്.
- പോകുന്ന ഇടങ്ങളില്‍ ലഭ്യമായ താമസ സൗകര്യങ്ങള്‍ നേരിട്ട് നമ്പര്‍ ശേഖരിച്ച് വിളിച്ച് ഓഫറുകള്‍ക്കായും ആവശ്യപ്പെടാം.
- പോകുന്ന സ്ഥലത്ത്/ രാജ്യത്ത് ഉറ്റവരോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവര്‍ വഴി ബുക്കിംഗ് നടത്താം.
- മുന്‍കൂട്ടി ബുക്ക് ചെയ്യുമ്പോള്‍ പരസ്പരം വിശ്വാസയോഗ്യമായ രേഖകള്‍ കൈമാറാതെ നേരിട്ട് അന്വേഷിക്കാതെ പണം കൈമാറ്റം നടത്തരുത്.
- പണം അഡ്വാന്‍സ് ആയി നല്‍കുമ്പോള്‍ ഒരു പോര്‍ഷന്‍ മാത്രം എപ്പോഴും നല്‍കുക. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്വേര്‍ഡ് എന്നിവ പങ്കുവയ്ക്കരുത്.
- ഫെസ്റ്റീവ് സീസണില്‍ പണം അധികമായതിനാല്‍ ചില ഇടങ്ങളിലേക്ക് ഓഫ് സീസണില്‍ യാത്ര പ്ലാന്‍ ചെയ്യാം. ഇത് ചെലവു കുറയ്ക്കുന്നതോടൊപ്പം ക്വാളിറ്റി സ്റ്റേയും ഉറപ്പാക്കും.