ശാന്തമായ അന്തരീക്ഷം, തണുത്ത കാറ്റ്, സമൃദ്ധമായ തേയിലക്കാടുകള്‍, മൂടല്‍മഞ്ഞ് നിറഞ്ഞ പാതകള്‍, മഞ്ഞുമൂടിയ പര്‍വത കാഴ്ചകള്‍. ഇതെല്ലാം ഒത്തുചേരുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജലിംഗ്. ഇവിടുള്ള ഏതു കുന്നിന്റെ മുകളില്‍ നിന്നാലും കാഞ്ചന്‍ഗംഗ-എവറസ്റ്റ് കൊടുമുടികള്‍ കാണാന്‍ സാധിക്കും. മൂന്നാറിലേതിനു സമാനമായ തേയില തോട്ടങ്ങളാണ് ഡാര്‍ജലിംഗില്‍ ഉള്ളത്. ടിബറ്റില്‍നിന്ന് കുടിയേറിയവരാണ് ഇവിടെ അധികവും.
ഡാര്‍ജലിംഗിലെ പ്രധാന ആകര്‍ഷണമാണ് ബട്ടാസിയ ലൂപ്പ്. ഡാര്‍ജലിംഗ് – ഹിമാലയന്‍ റെയില്‍വേയുടെ കയറ്റം കുറയ്ക്കുന്നതിനായി സൃഷ്ടിച്ച റെയില്‍ ട്രാക്കാണ് ബട്ടാസിയ ലൂപ്പ്. ഒരു തുരങ്കത്തിലൂടെയും കുന്നിന്‍ മുകളിലൂടെയുമാണ് ഈ ട്രാക്ക് പോകുന്നത്. മലനിരകളുടെ 360 ഡിഗ്രിയിലുള്ള കാഴ്ച്ച ബട്ടാസിയ ലൂപ്പ് യാത്രയില്‍ കാണാന്‍ സാധിക്കും.
മറ്റൊന്നാണ് കേബിള്‍ കാര്‍ യാത്ര. ഡാര്‍ജലിംഗ് ഹിമാലയന്‍ റെയില്‍വേയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കേബിള്‍ കാര്‍ സര്‍വീസ് ഉള്ളത്. ടീസ്താ നദിയിലെ റിവര്‍ റാഫ്ടിംഗ്, പത്മജ നായിഡു സുവോളജിക്കല്‍ പാര്‍ക്ക്, ഡാര്‍ജിലിംഗ് പീസ് പഗോഡ ബുദ്ധ സ്തൂപം, എവറസ്റ്റ് മ്യൂസിയം, ഘൂം, കാലിംപൊങ് തുടങ്ങിയവയും ഡാര്‍ജലിംഗിലെ കാഴ്ചകളാണ്.