ചരിത്രം തേടിയെത്തുന്നവര്‍ക്ക് എന്നും അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന നാടാണ് ഈജിപ്ത്. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന ഒരു ജനത എത്രമാത്രം അറിവും പാണ്ഡിത്യവും ഉള്ളവരായിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ച ഈജിപ്തിലെ പിരമിഡുകളില്‍ കാണാം.
ഈജിപ്തിലെ ഏറ്റവും പുരാതനനഗരമാണ് കെയ്‌റോ. പിരമിഡുകളിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ഗിസയിലെ പിരമിഡ് ഇവിടെയാണുള്ളത്. പ്രാചീനകാലത്തെ ഏഴ് അദ്ഭുതങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒന്നാണിത്. വലിയ കരിങ്കല്ലുകളും ചുണ്ണാമ്പ്കല്ലുകളും ചതുരാകൃതിയില്‍ ചെത്തിയെടുത്താണ് ഈ പിരമിഡ് നിര്‍മ്മിച്ചിരിക്കുന്നത്.
പുരാതന ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ എല്ലാ അമൂല്യ വസ്തുക്കളും സൂക്ഷിക്കപ്പെട്ടിട്ടുള്ള ലോകപ്രശസ്ത മ്യൂസിയമാണ് മറ്റൊന്ന്. നിരവധി ശില്പങ്ങളും പ്രതിമകളും ഫലകങ്ങളും ചരിത്രപരമായ രേഖകളുമെല്ലാം ഇവിടെയുണ്ട്.
ഗിസയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സക്കാറ ഈജിപ്തിലെ ഏറ്റവും വലിയ പുരാവസ്തു ഗവേഷണ പ്രദേശമാണ്. അനേകം ഫറവോമാരുടെ മൃതശരീരങ്ങള്‍ പതിനൊന്ന് പ്രധാന പിരമിഡുകളിലായാണ് ഇവിടെ അടക്കിയിരിക്കുന്നത്.
പുരാതന ഈജിപ്തിലെ രാജകീയമായ തലസ്ഥാനമാണ് മെംഫിസ്. മണ്ണില്‍ തീര്‍ത്ത ഈ നഗരത്തില്‍ നിരവധി ശില്പങ്ങളും പ്രതിമകളും നിറഞ്ഞ ഒരു തുറന്ന മ്യൂസിയമുണ്ട്.
ഈജിപ്തിലെ മറ്റൊരാകര്‍ഷണമാണ് നൈല്‍ നദി. നൈലിന്റെ താഴ്‌വര നിറയെ പഴയ പ്രമുഖരായ രാജാക്കന്‍മാരുടെയും റാണിമാരുടെയും പ്രഭുക്കന്മാരുടേയുമെല്ലാം ശവകുടീരങ്ങളാണ്.