വന്‍ ജനപ്രീതി നേടിയ ഗോള്‍ഡന്‍ വിസയ്ക്കും അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്കും ശേഷം ഗ്രീന്‍ വിസയുമായി വന്നിരിക്കുകയാണ് യുഎഇ. ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഗ്രീന്‍ വിസ അഞ്ചു വര്‍ഷത്തേക്കുള്ള റസിഡന്റ് വിസ കൂടിയാണ്.
സ്പോണ്‍സറോ തൊഴിലുടമയോ ആവശ്യമില്ലാതെ അഞ്ചുവര്‍ഷം വരെ യുഎഇയില്‍ ജോലി ചെയ്യാനും താമസിക്കാനും അനുമതി നല്‍കുന്നുവെന്നതാണ് ഗ്രീന്‍ വിസയുടെ ഏറ്റവും പ്രധാന ആകര്‍ഷണീയത. വിസ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തശേഷം ആറു മാസം വരെ യുഎഇയില്‍ താമസിക്കാം. മൂന്ന് വിഭാഗങ്ങളിലായാണു ഗ്രീന്‍ വിസ അനുവദിക്കുക.
വിദഗ്ധ പ്രൊഫഷണലുകള്‍
വിവിധ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കു സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചു വര്‍ഷ റെസിഡന്‍സി ലഭിക്കും. അപേക്ഷകര്‍ക്കു സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണം. ഇത് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന ആദ്യ മൂന്ന് തൊഴില്‍ ലെവലില്‍ ഉള്ളതായിരിക്കണം.
ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്. ഏറ്റവും കുറഞ്ഞത് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരായിരിക്കണം അപേക്ഷകര്‍.
ഫ്രീലാന്‍സര്‍മാരും സ്വയം തൊഴില്‍ ചെയ്യുന്നവരും
മാനനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സ്വയം തൊഴില്‍/ഫ്രീലാന്‍സ് പെര്‍മിറ്റ് നേടുന്ന ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വിസ അനുവദിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയരുത്.
അല്ലെങ്കില്‍ അപേക്ഷകര്‍ക്കു യുഎഇ താമസക്കാലത്ത് സാമ്പത്തിക ഭദ്രത തെളിവ് സമര്‍പ്പിക്കാന്‍ കഴിയണം. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗത്യത ഏറ്റവും കുറഞ്ഞത് ബിരുദമോ സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമയോ ആണ്.
നിക്ഷേപകര്‍ അല്ലെങ്കില്‍ പങ്കാളികള്‍
നിക്ഷേപകരെയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കാനോ അതില്‍ പങ്കാളിയാകാനോ ആഗ്രഹിക്കുന്നവരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വിഭാഗത്തില്‍ വിസ നല്‍കുന്നത്. ഈ വിഭാഗത്തില്‍ നേരത്തെ രണ്ടു വര്‍ഷത്തെ പെര്‍മിറ്റ് അനുവദിച്ചിരുന്നു. അതിപ്പോള്‍ അഞ്ചു വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്.
അപേക്ഷകര്‍ നിക്ഷേപം സംബന്ധിച്ച തെളിവും അംഗീകാരവും സമര്‍പ്പിക്കണം. ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ അനുമതി നിര്‍ബന്ധമാണ്. നിക്ഷേപകന് ഒന്നിലധികം ലൈസന്‍സുകളുണ്ടെങ്കില്‍, മൊത്തം നിക്ഷേപിച്ച മൂലധനം കണക്കാക്കും.ജോലിയില്‍നിന്നു വിരമിച്ചശേഷം യുഎഇയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്കു വിധേയമായി അഞ്ച് വര്‍ഷ ഗ്രീന്‍ വിസ അനുവദിക്കും.