മഴക്കാഴ്ചകള്‍ കാണാനും മഴയെ മുഴുവനായി അറിയാനും മഴക്കാലത്ത് ട്രിപ്പിനൊരുങ്ങുന്നവര്‍ മറന്നുപോകാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. കുടയും റെയിന്‍കോട്ടും മറക്കാതിരിക്കുന്നതിനൊപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ യാത്ര മനോഹരമാകും. മഴക്കാല ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതിനായി ഇതാ ഏഴ് ടിപ്‌സ്.
സിന്തറ്റിക് വസ്ത്രങ്ങള്‍ എടുക്കാം
യാത്രയ്ക്കായി പോകുമ്പോള്‍ അധികം വസ്ത്രങ്ങള്‍ കൊണ്ടുപോകുക എന്നത് ഒരുപരിധിവരെ അസാധ്യമാണ്. കയ്യിലുള്ള വസ്ത്രങ്ങള്‍ മഴ നനഞ്ഞുപോയാല്‍ വലിയ ബുദ്ധിമുട്ടാകും. അതിനാല്‍ എളുപ്പത്തില്‍ ഉണങ്ങുന്ന സിന്തറ്റിക് വസ്ത്രങ്ങളാണ് മഴക്കാല യാത്രയ്ക്ക് അനുയോജ്യം.
മറക്കരുത് മരുന്നുകള്‍
മഴക്കാലം പലപ്പോഴും പനിക്കാലമാകാറുണ്ട്. പനിയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ കൈവശം വയ്ക്കുന്നതിനൊപ്പം ദീര്‍ഘനേരം തലയില്‍ മഴവെള്ളം തങ്ങിനില്‍ക്കാതെയും ശ്രദ്ധിക്കാം.
സ്ട്രീട് ഫുഡിനോട് നോ പറയാം
മഴയുടെ തണുപ്പില്‍ വഴിയോരത്തുനിന്ന് ചൂട് ഭക്ഷണം വാങ്ങിക്കഴിക്കാന്‍ ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് സുരക്ഷിതമല്ല. മഴയുള്ള അന്തരീക്ഷത്തില്‍ വളരെ വേഗത്തില്‍ തുറന്നിരിക്കുന്ന ഭക്ഷണത്തില്‍ രോഗാണുക്കളുണ്ടാകാമെന്നതിനാലാണ് ഇത് സുരക്ഷിതമല്ലെന്ന് പറയുന്നത്.
പുറത്തുനിന്ന് ചൂട് വെള്ളം കുടിക്കുക
തിളപ്പിച്ചാറിയ വെള്ളം ഒരു കുപ്പിയിലോ ഫ്‌ലാസ്‌കിലോ കൈയില്‍ കരുതുന്നതാണ് നല്ലത്. വഴിവക്കില്‍ നിന്ന് വെള്ളം വാങ്ങിയാല്‍ തന്നെ ചൂട് വെള്ളം കുടിക്കുക.
മഴമുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക
കൃത്യമായി മഴമുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. കനത്ത മഴയുണ്ടെങ്കില്‍ യാത്രകള്‍ ഒഴിവാക്കുക.
ഹെയര്‍ ഡ്രൈയര്‍ മറക്കരുത്
മുടി മാത്രമല്ല അത്യാവശ്യ ഘട്ടത്തില്‍ വസ്ത്രങ്ങളും ഉണക്കാന്‍ ഹെയര്‍ ഡ്രൈയര്‍ സഹായിച്ചേക്കാം. മഴക്കാലത്ത് സ്വാഭാവികമായി മുടി ഉണങ്ങാന്‍ സമയമെടുക്കും എന്നതിനാല്‍ തന്നെ ഹെയര്‍ ഡ്രൈയര്‍ യാത്രയില്‍ മറക്കാതിരിക്കാം.
സ്ലിപറുകള്‍ ഉപയോഗിക്കാം
യാത്രയ്ക്കായി നിങ്ങള്‍ വാങ്ങി വച്ചിരിക്കുന്ന വില കൂടിയ ബൂട്ട്‌സും സ്‌നിക്കേഴ്‌സും മഴക്കാലം കഴിയുന്നതുവരെ തത്ക്കാലം മാറ്റിവയ്ക്കുക. മഴക്കാല യാത്രകള്‍ക്ക് സ്ലിപ്പറുകള്‍ തന്നെയാണ് ഉചിതം.