പച്ചവിരിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളിലൂടെ കോടമഞ്ഞേറ്റുള്ള യാത്ര ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കാഴ്ചകളുടെ മായാലോകമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍നിന്ന് 1465 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മൂന്നാറിനെ വ്യത്യസ്തമാക്കുന്നു. ആനമുടി നിലകൊള്ളുന്നതും മൂന്നാറിലാണ്.
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് ‘ആറുകള്‍’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തില്‍ നിന്നാണ് മൂന്നാര്‍ എന്ന പേരുണ്ടായത്. പള്ളിവാസല്‍, ദേവികുളം, മറയൂര്‍, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകള്‍ക്കു നടുവിലാണ് മൂന്നാര്‍. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലധികവും ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് . ബ്രിട്ടീഷുകാരാണ് മൂന്നാര്‍ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകള്‍ നിര്‍മിച്ചത്. പഴയ മൂന്നാറിലുള്ള സിഎസ്‌ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണ കാലത്താണ് നിര്‍മിച്ചത്.