Sunday, November 3, 2024
Google search engine
HomeReaders Blogഅന്ന് പട്ടായയില്‍ സംഭവിച്ചത്

അന്ന് പട്ടായയില്‍ സംഭവിച്ചത്

എഴുത്ത്: Priya Menon

ബാങ്കോങ്കിലെത്തി വിസ സ്റ്റാമ്പ് ചെയ്ത് വിമാനത്താവളത്തില്‍ നിന്നിറങ്ങുമ്പോള്‍ സ്വീകരിക്കാനായി നിന്നയാളെ കണ്ടപ്പോള്‍ തോന്നി ഹാ കൊള്ളാല്ലോ… നല്ല സുന്ദരി തന്നെ.. പരിചയപ്പെടുന്നതിനിടയിലാണ്  ഒന്നു മനസിലായത് കക്ഷി പെണ്ണല്ല ഹിജഡയാണ്. പലവട്ടം സൂക്ഷിച്ച് നിരീക്ഷിച്ചിട്ടും അങ്ങ് വിശ്വസിക്കാന്‍ പറ്റുന്നില്ല മുന്നില്‍ നില്‍ക്കുന്നയാള്‍ ഹിജഡയാണെന്ന്. പിന്നീടാണ് ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്ന ഇടമാണ് ബാങ്കോക്ക് എന്ന സത്യം അറിയുന്നത്. തായ്‌ലാന്റിലെ രാജഭരണകൂടം സ്വവര്‍ഗാനുരാഗികളോടും ഹിജഡകളോടുമെല്ലാം മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് ഹിജഡകള്‍ക്ക് ഇവിടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍, വാര്‍ത്താമാധ്യമങ്ങള്‍ എന്നീ മേഖലകളിലും ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മൂന്നാംലിംഗക്കാരെ സ്ത്രീ/പുരുഷന്‍ എന്ന പോലെ തായ്‌സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ലേഡിബോയ് എന്നാണ് ഇവരെ വിളിക്കുക.

ബാങ്കോക്കില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പട്ടായയിലേക്കുള്ള യാത്രയിലെ കാഴ്ചകള്‍ മലയാളികളെ അത്ഭുതപ്പെടുത്തും. കാരണം കേരളത്തെ ഓര്‍മ്മപ്പെടുത്തും വിധമാണ് ഇവിടുത്തെ ഭൂപ്രകൃതി. ഒരു പക്ഷേ കേരളത്തോട് ഇത്ര അധികം സാമ്യമുള്ള മറ്റ് ഒരു നാട് കാണുവാന്‍ കഴിഞ്ഞെന്ന് വരില്ല. വാഹനങ്ങള്‍ ചീറിപ്പായുന്ന ആറുവരി പാതയ്ക്ക് ഇരുവശവും തെങ്ങിന്‍ തോട്ടവും കപ്പത്തോട്ടവും ഇടയ്ക്കിടയ്്ക്ക് പെയ്യുന്ന മഴയുമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. സമയ കണക്കില്‍ ഇന്ത്യയും തായ്‌ലന്റും തമ്മില്‍ ഒന്നരമണിക്കൂറിന്റെ വ്യത്യാസമുണ്ട്. നമ്മളേക്കാള്‍ ഒന്നരമണിക്കൂര്‍ മുന്നേപായുന്നവരാണ് തായ്‌ലന്റുകാര്‍. പൊതുവേ പട്ടായയെന്നു കേള്‍ക്കുമ്പോള്‍ യുവാക്കളുടെ ഉള്ളിലുണ്ടാകുന്ന ചിരിയുണ്ടല്ലോ… അത് അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ഒന്നുമാത്രമാണ്, അല്ലെങ്കില്‍ കേട്ടുകേള്‍വികളില്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്.പട്ടായ മനുഷ്യമാംസത്തിന് വില പറയുന്ന നാട് മാത്രമല്ല, കുടുംബസമേതം സഞ്ചരിക്കാന്‍ കൊള്ളാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. തായ്‌ലാന്റിന്റെ കടലോരമേഖലയാണ് പട്ടായ എന്ന കൊച്ചുപട്ടണം. ബീച്ച് സൗന്ദര്യം ആസ്വദിക്കാന്‍ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാന്‍ ബാങ്കോക്കുമാണ് വിനോദസഞ്ചാരികള്‍ തെരഞ്ഞെടുക്കുക.

രാത്രിയുടെ മുഖം

മനോഹരമായ കടല്‍ത്തീരങ്ങള്‍, വൃത്തിയുള്ള റോഡുകള്‍, സുഖകരമായ കാലാവസ്ഥ, രസകരമായ വിനോദങ്ങള്‍, വ്യത്യസ്തമായ കാഴ്ചകള്‍, പല രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എല്ലാ അര്‍ത്ഥത്തിലും സുഖിക്കാന്‍ വന്നിറങ്ങുന്ന സ്ഥലം അതാണ് പട്ടായ. മസാജിന് പേരു കേട്ട സ്ഥലം കൂടിയാണ്. രാവിലെ തുറക്കുന്ന മസാജ് പാര്‍ലറുകള്‍ രാത്രി പുലരുവോളം തുറന്നിരിക്കും. വ്യത്യസ്ഥ ഡ്രസ് കോഡിലുള്ള അര്‍ദ്ധനഗ്നരായ പെണ്‍കുട്ടികള്‍ സഞ്ചാരികളെ കാത്ത് മസാജ്പാര്‍ലറുകള്‍ക്ക്  മുന്നില്‍ നിരന്നിരിക്കുന്ന കാഴ്ച നഗരത്തിന്റെ എല്ലാം മുക്കിലും മൂലയിലും കാണുവാന്‍ കഴിയും. മണിക്കൂറിന് 200 മുതല്‍ 400 ബാത്ത്(ബാത്ത് തായ്‌ലാന്റ് കറന്‍സിയാണ്. ഒരു ബാത്ത് 1.87 ഇന്ത്യന്‍ രൂപയാണ്) വരെയാണ് ചാര്‍ജ്. പകല്‍ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ. പകല്‍ സമയം റോഡുകളില്‍ വാഹനങ്ങള്‍ തീരെക്കുറവാണ്. പകല്‍ സഞ്ചാരികള്‍ കൂടുതലും ബീച്ചുകളില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റികളിലും വെയില്‍ കായലിലുമായി സമയം ചെലവഴിക്കുക.

രാത്രിയാകുന്നതോടെ നഗരത്തിന്റെ കെട്ടുംമട്ടും മാറും. രതി എന്ന ചിന്തയാണ് നഗരം സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. ഡാന്‍സ് ബാറുകളും നൈറ്റ് ക്ലബ്ബുകളും ഉണരുകയായി. ബാറുകളിലും തായിറെസ്റ്റോറന്റുകളിലും അര്‍ദ്ധനഗ്നരായ പെണ്‍കുട്ടികള്‍ മേശയ്ക്ക് മുകളില്‍ നിന്ന് നൃത്തം ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇവിടുത്തെ മിക്ക ഡാന്‍സ് ബാറുകളും തായി റെസ്റ്റേറന്റുകളും നമ്മുടെ നാട്ടിലെ പോലെ നാലുചുവരുകള്‍ക്കുള്ളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതല്ല. ചുവരുകള്‍ക്ക് പകരം തൂണുകളില്‍ തീര്‍ത്ത ഓപ്പണ്‍ കൊട്ടിടങ്ങളാണ് ഭൂരിഭാഗവും. ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നതിന്റെ ലക്ഷ്യവും സഞ്ചാരികളായ വഴിയാത്രകരുടെ ശ്രദ്ധ അങ്ങോട്ടെയ്ക്ക് ആകര്‍ഷിക്കുക എന്നതു തന്നെ. രണ്ടരകിലോമീറ്റര്‍ ദൂരം നീണ്ട് കിടക്കുന്ന വാക്കിംഗ് സ്ട്രീറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ചുവന്നതെരുവാണ് പട്ടായ നഗരത്തിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ ചുവന്ന തെരുവുപോലെ പാന്‍ മുറുക്കുന്ന യുവതികളും വൃത്തിഹീനവും ഇടുങ്ങിയതും ഭീതിപ്പെടുത്തുന്നതുമായ വഴികളോ ആളുകളോ ഇവിടെയില്ല. ആരും നിര്‍ബന്ധിച്ച് വലിച്ചുകൊണ്ടുപോകുകയോ ശല്യപ്പെടുത്തുകയോ കൊള്ളയടിക്കുകയോ ചെയ്യില്ല. നേരെ മറിച്ച് വൃത്തിയുള്ളതും കസ്റ്റമറെ ബഹുമാനിക്കുകയും ചെയ്യുന്ന പോലീസ് കാവലില്‍ നടക്കുന്നതുമായ മാംസവ്യാപര കേന്ദ്രമാണ് ഇവിടെയുള്ളത്.

ഈ മാംസവ്യാപര കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പേരുപോലെ തന്നെ നടന്നു നീങ്ങാനുള്ള തെരുവാണിത്. തിങ്ങിനിറഞ്ഞ നിരത്തിലൂടെ നടന്ന് നീങ്ങുന്നതും കുറച്ച് പാടുള്ള കാര്യം തന്നെയാണ്. രതി നൂകരാന്‍ വരുന്നവര്‍ മാത്രമല്ല ചുവന്നതെരുവ് കാണുവാന്‍ വരുന്നവരുമുണ്ട് ഇവിടെ. അര്‍ദ്ധനഗ്നരായി ഒരോ കടകള്‍ക്കുമുന്നിലും പ്രത്യേക ഡ്രസ് കോഡ് ധരിച്ച പെണ്‍കുട്ടികള്‍ സ്വയം വില്‍പ്പനച്ചരക്കുകളായി നില്‍ക്കുന്ന കാഴ്ചകളാണ് വീഥിക്കിരുവശവും. 100 ബാത്ത് മുതല്‍ 500 ബാത്ത് വരെ റെയ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്ലേഗ്കാര്‍ഡുകളുമേന്തിയാണ് ഇവരുടെ നില്‍പ്പ്. നടന്ന് നീങ്ങുന്നവരെ ആകര്‍ഷിക്കാന്‍ പ്രത്യേക ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും പാക്കേജുകളുമായി ബ്രോക്കര്‍മാരും നടപ്പുണ്ട്.
ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ യുവതികളെ കിട്ടുന്ന സ്ഥങ്ങളുമുണ്ട് തെരുവില്‍. ഇവിടെ സാരി അണിഞ്ഞ ഇന്ത്യന്‍ യുവതി കടയ്ക്കുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലുകൂട്ടില്‍ നിന്ന് നൃത്തം വയ്ക്കുന്നുണ്ട്. ഡാന്‍സ് ബാറുകളില്‍ ബീയറിന് വിലക്കുറവ് എന്ന ബോര്‍ഡുവയ്ച്ച് ആളുകളെ ആകര്‍ഷിക്കാന്‍ ഉടമകള്‍ ശ്രമം വിജയിക്കുന്നുണ്ടെന്ന് ബാറിനുള്ള് കണ്ടാല്‍ അറിയാം. ഇവിടെ നിന്ന് ബീയര്‍ വാങ്ങിക്കുന്ന ആളുകള്‍ക്ക് മറ്റൊരു ഓഫറുകൂടിയുണ്ട് ബീയര്‍ ഗ്ലാസില്‍ പകര്‍ത്തുന്ന യുവതിയെ ഇഷ്ടപ്പെട്ടാല്‍ രതിനുഗരാന്‍ അകത്ത് മുറികള്‍ റെഡി. പക്ഷെ എക്‌സ്ട്രാ ചാര്‍ജ് ഈടാക്കുമെന്ന് മാത്രം. ചുവന്നതെരുവില്‍ ശരീരം വില്‍ക്കുന്നവര്‍മാത്രമല്ല ഉള്ളത്. ഭക്ഷണശാലകളും നൃത്തശാലകളും വഴിയരികില്‍ നിന്ന് മാജിക്ക് കാണിക്കുന്നവരും പൊയ്കാലില്‍ നടക്കുന്നവരും ഭീകരരൂപികളുടെ വേഷം കെട്ടിയവരുമായി അനേകം പേര്‍ നിത്യജീവിതത്തിനുള്ള പണം ഇവിടെ നിന്ന് കണ്ടെത്തുന്നുണ്ട്.

ചുവന്നതെരുവില്‍ നിന്ന് രതിനുകരാന്‍ മടിക്കുന്നവര്‍ക്ക് മാന്യതയും സുരക്ഷിതത്വവും നല്‍കുന്ന പട്ടായയിലെ ഹോട്ടലുകളില്‍ പെണ്‍കുട്ടികളെ കിട്ടും. ഹോട്ടല്‍ റിസപ്ഷനില്‍ 300 മുതല്‍ 500
വരെ ബാത്ത് മുന്‍കൂട്ടി നല്‍കണമെന്നു മാത്രം. പറ്റിക്കപ്പെടുമോ എന്ന പേടി വേണ്ട കാരണം പെണ്‍കുട്ടിക്ക് തിരിച്ചുപോകണമെങ്കില്‍ കസ്റ്റമറുടെ അനുമതി റിസപ്ഷനിലെ ജീവനക്കാര്‍ക്ക് ലഭിക്കണം. അതുവരെ പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍കാര്‍ഡ് റിസപ്ഷനില്‍ പണയവസ്തുവായി ഇരിക്കും.

ബോയ്‌സ് സ്ട്രീറ്റും അല്‍കസര്‍ ഷോയും

പെണ്‍കുട്ടികളെ താത്പര്യമില്ലാത്തവര്‍ക്കായി ഒരു സ്ട്രീറ്റ് തന്നെ ഇവിടെയുണ്ട്. സ്വവര്‍ഗാനുരാഗികള്‍ക്ക് മാത്രമായുള്ള തെരുവാണ് ബോയ്‌സ് സ്ട്രീറ്റ്.പട്ടായയുടെ മറ്റൊരു മുഖ്യ ആകര്‍ഷണം അല്‍കസര്‍ ഷോയാണ്. തായ്‌ലാന്റിന്റെ എല്ലാവിധ സംസ്‌കാര, ടൂറിസമനോഭാവം പ്രകടമാക്കുന്ന ഒരുമണിക്കൂര്‍ നേരത്തെ സ്റ്റേജ് ഷോയാണ് അല്‍കസര്‍ ഷോ. നമ്മുടെ നാട്ടില്‍ സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കുമ്പോള്‍ രംഗം മറ്റുന്നതിന് ലൈറ്റ് അണക്കുകയാണ് പതിവ്. അല്ലെങ്കില്‍ ആര്‍ട്ടിസ്റ്റുകള്‍ വന്ന് രംഗം ഒരുക്കും. എന്നാല്‍ ഒറ്റ സ്‌റ്റേജില്‍ ഒരുമണിക്കൂര്‍ തുടര്‍ച്ചയായി നിരവധി രംഗങ്ങള്‍ സിനിമ കാണുന്നപോലെയിരുന്ന് കാണുവാന്‍ സാധിക്കുമെന്നതാണ് അല്‍കസര്‍ ഷോയുടെ പ്രത്യേകത. നഗ്നതപ്രദര്‍ശനം എന്നു വേണമെങ്കില്‍ വിളിക്കാവുന്ന ഈ സ്റ്റേജ് പെര്‍ഫോമന്‍സില്‍ പങ്കെടുക്കുന്ന സുന്ദരികള്‍ എല്ലാവരും ലിംഗമാറ്റം നടത്തിയവരാണ്. ഷോ കണ്ടാല്‍ ഇവര്‍ പെണ്‍കുട്ടികള്‍ അല്ല എന്ന സത്യം വിശ്വസിക്കാന്‍ പ്രയാസമാണ്.

പകലിന്റെ മുഖം

രാത്രിക്കും പകലിനും ഈ നഗരത്തിന് രണ്ടുമുഖമാണ് ഉള്ളത്. പകല്‍ കുടുംബസമേതം ആഘോഷിക്കാന്‍ കടലിന് നടുവില്‍ പാരച്ചൂട്ടില്‍ പറക്കാനും കടലിനടിയില്‍ പോയി പവിഴപ്പുറ്റുകളും മത്സ്യങ്ങളും കാണുവാന്‍ അവസരമുണ്ട്. ബസ് ഇല്ലാത്ത നഗരമാണ് പട്ടായ. പിക്കപ്പ്‌വാന്‍ പോലുള്ള ഷേയര്‍ ടാക്‌സികളാണ് ഇവിടെ കൂടുതലും ടാക്‌സി ബൈക്കുകള്‍, തുതുക് എന്ന പേരില്‍ അറിയപ്പെടുന്ന ഒട്ടോറിക്ഷകളുമാണ് പ്രധാന യാത്രാ മാര്‍ഗം. ജീവിത ചിലവ് വളരെ കുറഞ്ഞ നഗരം കൂടിയാണ് പട്ടായ. താമസം, ആഹാരം, മദ്യം എല്ലാറ്റിനും ഇവിടെ വിലക്കുറവാണ്. ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നതിന്് ഭക്ഷണം അടക്കം 2000 ബാത്ത് ചിലവ് വരുകയോള്ളു. മിനിബാറുകള്‍ എല്ലായിടത്തും ലഭ്യമാണ്. പെട്ടികടകളില്‍ തുടങ്ങി സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ മദ്യം സുലഭമാണ്. 38 ബാത്തിന്റെ ബിയര്‍ മുതല്‍ 1200 ബാത്തിന്റെ സ്‌കോച്ച് വിസ്‌കിവരെ ഇവിടെ കിട്ടും.

നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി എല്ലാ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുന്നിലും ചെറിയ ബുദ്ധക്ഷേത്രം ഉണ്ടെന്നതാണ്. രാവിലെ ഈ ക്ഷേത്രങ്ങളില്‍ ആഹാരവസ്തുക്കള്‍ അര്‍പ്പിച്ചശേഷമേ ഇവര്‍ അന്നത്തെ ദിവസം ആരംഭിക്കുകയുള്ളൂ. നിരവധി മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും പട്ടായയില്‍ ഉണ്ട്. ഇവിടുത്തെ യഥാര്‍ഥ ഗ്രാമീണരുടെ ജീവിതവും ആഘോഷങ്ങളും അതിലാണ്. അറുപതുകളില്‍ കേവലം മീന്‍പിടിത്ത ഗ്രാമം മാത്രമായിരുന്ന പട്ടായയിലേക്ക് ബാങ്കോക്കില്‍ നിന്നു ആളുകള്‍ അവധി ആഘോഷിക്കാന്‍ എത്തിത്തുടങ്ങിയതോടെയാണ് പുതിയ മുഖമുണ്ടായത്. പതിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പട്ടായ വളരുകയായിരുന്നു. വിയറ്റ്‌നാം യുദ്ധവേളയില്‍ അമേരിക്കന്‍ സൈനികരുടെ വിശ്രമ വിനോദകേന്ദ്രമായിരുന്നു. കേരളത്തില്‍ കാണുന്ന മാങ്ങ,ചക്ക,വാഴപ്പഴം തുടങ്ങിയ പല പഴവര്‍ഗങ്ങളും ഇവിടെ സുലഭമാണ്.

കോറല്‍ ദ്വീപ്

പട്ടായ നഗരത്തില്‍ നിന്ന് അധികം അകലെയല്ലാത്ത കോറല്‍ ദ്വീപില്‍ സ്പീഡ് ബോട്ടില്‍ പോകാനുള്ള സൗകര്യമുണ്ട്. ചെറുകുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന കോറല്‍ ദ്വീപ് ബീച്ചില്‍ എല്ലാവിധ ജലവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. അഞ്ചു കിലോവരെ തൂക്കം വരുന്ന കൂറ്റന്‍ കൊഞ്ചുകള്‍, ഞണ്ടുകള്‍, നീരാളികള്‍, കക്കകള്‍, വിവിധതരം മത്സ്യങ്ങള്‍ തുടങ്ങിയവ മാടിവിളിക്കുന്ന ഭക്ഷണശാലകള്‍ ഉണ്ട്. കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, തായി പഴവര്‍ഗങ്ങള്‍, കടല്‍ വിഭവങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളാണ് ബീച്ച് കൈയേറിയിരിക്കുന്നത്.

ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ്

പട്ടായിലെ മറ്റൊരു ആകര്‍ഷണം ഒരുലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ വ്യാപിച്ച് കിടക്കുന്ന ഫ്േളാട്ടിംഗ് മാര്‍ക്കറ്റാണ്. വെള്ളത്തില്‍ മരത്തടിയാല്‍ നിര്‍മിച്ചിട്ടുള്ള ഈ മാര്‍ക്കറ്റ് ഒരു സ്വകാര്യവ്യക്തിയുടെതാണ്. അതുകൊണ്ടു തന്നെ ഇവിടെ പ്രവേശിക്കണമെങ്കില്‍ പാസ് എടുക്കണം. തോണിയില്‍ വേണമെങ്കില്‍ സഞ്ചരിക്കാം ഇല്ലെങ്കില്‍ കടകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുവഴിയിലൂടെ സഞ്ചരിക്കാം. ചെറുവള്ളത്തിലാണ് ഇവിടുത്തെ കച്ചവടം. കരകൗശല വസ്തുക്കള്‍, ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഈ മാര്‍ക്കറ്റില്‍ കിട്ടുക. മുതല ഫ്രൈ കിട്ടുന്ന കടയാണ് തുടക്കത്തില്‍ തന്നെയുണ്ട്. പുഴു, തേള്‍, പാറ്റ, പുല്‍ച്ചാടി തുടങ്ങി ജീവികളെ രുചിച്ചു നോക്കേണ്ടവര്‍ക്ക് ഇവിടെ അവയെല്ലാം ലഭിക്കും. ഒരു പ്ലേറ്റ് പുഴു വറുത്തതിന് 150 ബാത്തും ഒരു ബോട്ടില്‍ പുഴു ഉണങ്ങിയതിന് 450 ബാത്തുമാണ് വില. മലയാളികള്‍ വേയിസ്റ്റായിട്ട് കളയുന്ന കോഴിയുടെ പാദം, പന്നിയുടെ ചെവി, മൂക്ക്, വാല് തുടങ്ങിയവ ഇവിടെ വറുത്ത് വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. എണ്ണയില്‍ ഇട്ട് വറത്ത് എടുക്കുന്നതിലും കൂടുതല്‍ തീ കനലില്‍ ചുട്ട് എടുക്കുകയാണ് ചെയ്യുക.
 
വ്യത്യങ്ങളസ്തായ പലഹാരങ്ങള്‍ വള്ളത്തില്‍ ഇരുന്ന് ഉണ്ടാക്കി വില്‍പനയ്ക്കായി നരത്തി വച്ചിട്ടുണ്ടെങ്കിലും തായ് ഭക്ഷണം ഉണ്ടാക്കുന്ന മണം അടിച്ചാല്‍ പിന്നീട് ഭക്ഷണം എന്ന വാക്കുതന്നെ വെറുത്ത് പോകും. ഇവിടുത്തെ മറ്റൊരു സ്‌പെഷല്‍ വിഭവമാണ് ഞണ്ട് ഉപ്പിലിട്ടത്. നമ്മുടെ നാട്ടില്‍ വഴിയരികില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന കൊതിയൂറും വിഭവമായ മാങ്ങ, നെല്ലിക്കാ, മുളക് ഉപ്പിലിട്ടത് പോലെ ഇവിടെ ഞണ്ടാണ് ഭരണികള്‍ക്കുള്ളിലാക്കി ഉപ്പിലിട്ടുവച്ചിരിക്കുന്നത്. ഉപ്പിലിട്ട ഞെണ്ട് കഴിക്കുന്നത് മാങ്ങയും നെല്ലിക്കയും മുളകും കഴിക്കുന്നപോലെയല്ലെന്നു മാത്രം. ഓര്‍ഡര്‍ ചെയ്താല്‍ ഞണ്ടിനെ ഭരണിയില്‍ നിന്ന് എടുത്ത് മുറുക്കാന്‍ ഇടിക്കുന്ന പോലത്തെ ചെറിയ ഒരു കല്ലിലിട്ട് ഇടിച്ച് മുളകും വെള്ളരിക്ക കഷ്ണവും ചേര്‍ത്ത് ചെറിയ പ്ലേയ്റ്റിലാക്കിത്തരും. പട്ടായയില്‍ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ്. സാഹസികരായ സഞ്ചാരികള്‍ ഇവിടെയെത്തിയാല്‍ പട്ടായ നിരാശരാക്കില്ല കാരണം പട്ടായ പാര്‍ക്ക് ടവര്‍ ഇവരെയും കാത്തുനില്‍പ്പുണ്ട്. ടവര്‍ ജംപ്, സ്‌കൈ റോപ്പ്, കറങ്ങുന്ന ഭക്ഷണശാല തുടങ്ങിയവ ഇവിടെയുണ്ട്. 1200 ബാത്താണ് ഈ സാഹസവിനോദങ്ങള്‍ക്ക് ഇടാക്കുന്ന ചാര്‍ജ്.  പാര്‍ക്ക് ടവറിന് മുകളില്‍ നിന്നാല്‍ പട്ടായ നഗരം മുഴുവന്‍ കാണുവാന്‍ സാധിക്കും.

ലോകത്തിലെ ഏറ്റവും വലിയ രത്‌ന നിര്‍മാണശാലയും ഇവിടെയാണ്. സന്ദര്‍ശകര്‍ക്ക് രത്‌നം ഉണ്ടാക്കുന്നത് മുതല്‍ അത് ആഭരണം ആയി തീരുന്ന വരെയുള്ള കാര്യങ്ങള്‍ ഇവിടെ കാണാനാകും. വിശാലമായ രത്‌ന ആഭരണ ഷോറുമും ചെറിയ കടകളും ഇതിനകത്തുണ്ട്. കൈയില്‍ കാശുണ്ടെങ്കില്‍ ഒറിജിനല്‍ രത്‌നം വാങ്ങി പോരുകയും ചെയ്യാം. ബാങ്കോക്കിലേയ്ക്ക് തിരിച്ച് യാത്രയാകുമ്പോള്‍ കേട്ടറിഞ്ഞതിലും മനോഹരമായിരുന്നു ഈ തീരനഗരം. ഇനിയും വരാം എന്നു പറഞ്ഞ് തല്‍കാലം പട്ടായയോട് വിടവാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!