ആകാശം മുഖം നോക്കുന്ന ഒരിടമുണ്ട് ഭൂമിയില്‍. ചിലി അതിര്‍ത്തിയോട് ചേര്‍ന്ന് ബൊളീവിയയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 12,000 അടി ഉയരത്തിലുള്ള സലാര്‍ ഡി യുയുനി എന്ന പ്രദേശമാണ് ആകാശത്തിന്റെ കണ്ണാടി എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് തടാകമാണ് സലാര്‍ ഡി യുയുനി. മഴക്കാലത്ത് സമീപത്തുള്ള തടാകങ്ങള്‍ കവിഞ്ഞൊഴുകുകയും നേര്‍ത്ത ഒരു പാളി ജലം ഈ പരപ്പിനെ ആകാശത്തിന്റെ അതിശയകരമായ പ്രതിഫലനമായി മാറ്റുകയും ചെയ്യുന്നു.
ഏകദേശം 10,500 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇതിന്റെ വിസ്തൃതി. 11 ബില്യണ്‍ ടണ്‍ ഉപ്പാണ് ഇവിടെ കൂടിക്കിടക്കുന്നത്. സലാര്‍ ഒരു ഉപ്പു പാടം മാത്രമല്ല, വരുന്ന തലമുറയുടെ ഊര്‍ജാവശ്യങ്ങള്‍ക്കുതകുന്ന, ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ പകുതിയില്‍ കൂടുതലും ഒളിഞ്ഞു കിടക്കുന്നതു സാലറിന്റെ അടിത്തട്ടിലാണ്.
സാലര്‍ ഡി യുയുനിക്ക് രണ്ട് വ്യത്യസ്ത സീസണുകളുണ്ട്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മഴക്കാലമാണ് ആദ്യത്തേത്. വരണ്ട സീസണില്‍ (മെയ് മുതല്‍ നവംബര്‍ വരെ) തടാകം തണുത്തുറഞ്ഞ് കട്ടിയുള്ള പ്രതലമായി മാറുന്നു. ഈ സമയം ഇതിലൂടെ വാഹനങ്ങള്‍ വരെ ഓടിക്കാന്‍ സാധിക്കും.