കര്‍ണാടകത്തിലെ ഉടുപ്പി ജില്ലയിലെ മാല്‍പേയിലാണ് പ്രകൃതി ഒരുക്കിയ സൗന്ദര്യമായ സെന്റ് മേരീസ് ദ്വീപുള്ളത്. കൊത്തിയെടുത്ത രീതിയിലുള്ള പാറക്കെട്ടുകളും തെങ്ങിന്‍ തോപ്പുകളും ബീച്ചുകളുമടങ്ങുന്നതാണ് സെന്റ് മേരീസ് ദ്വീപ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്‌നിപര്‍വതം പൊട്ടി രൂപപ്പെട്ടതാണ് ഇവിടത്തെ പാറകളെന്ന് കരുതപ്പെടുന്നു. 1498ല്‍ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കണ്ടെത്തിയതാണ് ഈ ദ്വീപെന്ന് പറയപ്പെടുന്നു.
വിവിധയിനം ചിപ്പികളാല്‍ സന്പുഷ്ടമായ തീരമാണ് സെന്റ്‌മേരീസ് ദ്വീപിലേത്. തെളിഞ്ഞ കടല്‍ജലവും സ്വര്‍ണ നിറത്തിലുള്ള മണലുമാണ് ഇവിടത്തെ പ്രത്യേകത. ശില്പങ്ങള്‍ പോലെ കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ധാരാളം തെങ്ങിന്‍ തോപ്പുകള്‍ ഉള്ള പ്രദേശംകൂടിയാണിത്.
ഉടുപ്പി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാല്‍പേയില്‍ എത്തിച്ചേരും. ഉടുപ്പി ടൗണില്‍നിന്നു മാല്‍പേയിലേക്ക് ബസുകള്‍ ലഭിക്കും. ആറ് കിലോമീറ്റര്‍ കടലിലൂടെ ബോട്ടില്‍ സഞ്ചരിച്ചാല്‍ സെന്റ് മേരീസ് ഐലന്‍ഡില്‍ എത്തിച്ചേരാം.