ചങ്കുറപ്പുള്ളവര്‍ക്ക് മാത്രം എത്തിപ്പെടുവാന്‍ സാധിക്കുന്ന ഒരു തീര്‍ഥാടന കേന്ദ്രമാണ് കേദാര്‍നാഥ് ക്ഷേത്രം. വര്‍ഷത്തില്‍ കുറച്ച് മാസങ്ങള്‍ മാത്രമാണ് ഇവിടെ ആളുകള്‍ക്ക് സന്ദര്‍ശിക്കുവാന്‍ സാധിക്കുക. ഏപ്രില്‍ മാസത്തിലെ അക്ഷയ ത്രിതീയ മുതല്‍ നവംബറിലെ കാര്‍ത്തിക പൂര്‍ണ്ണിമ വരെ ഇവിടെ വിശ്വാസികള്‍ക്കെത്താം. മഞ്ഞു കാലത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ താഴെയുള്ള ഉഖിമഠത്തിലേക്ക് കൊണ്ടുപോവുകയും അടുത്ത ആറു മാസക്കാലം അവിടെവെച്ച് പൂജകളും പ്രാര്‍ഥനകളും നടത്തുകയും ചെയ്യുന്നതാണ് പതിവ്. ഹിമാലയ സാനുക്കളിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കേദാര്‍നാഥ്. ശിവന്റെ 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഇവിടം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഗുഹയിലേക്ക് ധ്യാനിക്കാനായി പോയതോടുകൂടിയാണ് കേദാര്‍നാഥ് ഗുഹ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. കാവി പുതച്ച് കണ്ണടയിട്ട് രുദ്ര ഗുഹയില്‍ ധ്യാനത്തിനിരിക്കുന്ന മോദിയുടെ ചിത്രം വൈറലായിരുന്നു. കേദാര്‍നാഥിലെ തീര്‍ഥാടകര്‍ക്കു വേണ്ടിയാണ് രുദ്ര മെഡിറ്റേഷന്‍ കേവ് എന്നറിയപ്പെടുന്ന ഈ ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്. ഗര്‍വാള്‍ മണ്ഡല്‍ വികാസ് നിഗത്തിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ധ്യാനിക്കുവാനുള്ള ഒരു ഗുഹയുടെ പരമ്പരാഗത സങ്കല്പ്പങ്ങളയെല്ലാം മാറ്റിയെടുക്കുന്ന വിധത്തിലാണ് ഈ ഗുഹ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ കൊത്തിയ ഗുഹ ടോയ്ലറ്റ് അറ്റ്ച്ച്ഡാണ്. സമുദ്ര നിരപ്പില്‍ നിന്നും 12200 അടി ഉയരത്തിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. 10 അടി ഉയരത്തിലുള്ള ഒരു തട്ടും ജനലും ഇതിനുണ്ട്. ഗുഹയ്ക്ക് അഞ്ച് മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണുള്ളത്. ഗുഹയുടെ നടത്തിപ്പുകാരായ ഗര്‍വാള്‍ മണ്ഡല്‍ വികാസ് നിഗം രുദ്ര ഗുഹയെ വിശേഷിപ്പിക്കുന്നത് ആധുനിക ധ്യാന ഗുഹ എന്നാണ്.
കുടിവെള്ളം, വൈദ്യുതി, ചാര്‍ജിങ് പോയന്റ്,ബെഡ്, രാവിലെ ചായ, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം , വൈകിട്ട് ചായ, രാത്രി ഭക്ഷണം, 24 മണിക്കൂര്‍ പരിചാരകന്റെ സേവനം, അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുവാനുള്ള ടെലിഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ആദ്യ സമയങ്ങളില്‍ ഇവിടെ ഒരു ദിവസത്തെ ചാര്‍ജ് എന്നത് 3000 രൂപയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ ആളുകള്‍ എത്താത്തതിനാല്‍ ചാര്‍ജ് 990 ആയി കുറയ്ക്കുകയായിരുന്നു. ഇവിടെ മിനിമം മൂന്നു ദിവസമെങ്കിലും താമസിക്കണം എന്നൊരു നിബന്ധന മുന്നേയുണ്ടായിരുന്നുവെങ്കിലും ഇപ്പോളില്ല.