ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ എന്നാൽ മലയാളികൾക്ക് അധികം പരിചിതമില്ലാത്ത പ്രകൃതിയുടെ ഒരു വിസ്മയമാണ് യാഗന്തി അഥവാ ശ്രീ യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം. ആകാശത്തോളം മുട്ടി നിൽക്കുന്ന ഗുഹ ക്ഷേത്രങ്ങളാണ് ഇവിടത്തെ എടുത്തു പറയേണ്ട പ്രത്യേകത. ഒരു ഗുഹയ്ക്കുള്ളിൽ ഒരു പത്തു നില കെട്ടിടം പണിയാം എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അത്രയ്ക്കു വലിപ്പമേറിയ ഗുഹ ക്ഷേത്രങ്ങൾ ആളാണ് ഇവിടെ നിലകൊള്ളുന്നത്.
ദുബായിയിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫ പോലെ ഉയർന്നു നിൽക്കുന്ന ഭീമാകാരമായ മലനിരകൾ. അവയ്ക്കുള്ളിൽ ആണെങ്കിലോ പൊള്ളപോലെ ഒഴിഞ്ഞു കിടക്കുന്നു. അതുകൊണ്ടു തന്നെ ആ ഗുഹയ്ക്കുള്ളിൽ വേണമെങ്കിൽ ഒരു പത്തു നില കെട്ടിടം പണിയാം . എന്തായാലും അതിനു മുതിരാതെ ആന്ധ്രാ പ്രദേശ് സർക്കാർ അതിന്റെ തനിമ ഇന്നും നില നിർത്തി പോകുന്നു.
വൈഷ്ണവ പാരമ്പര്യമനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ശിവന്റെയും പാർവതിയുടെയും വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. അതുകൊണ്ടുതന്നെ മഹാ ശിവരാത്രി ഉത്സവം ക്ഷേത്രത്തിൽ വലിയ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ സമയത്ത് ധ്രാരളം ഭക്തരും വിനോദസഞ്ചാരികളും വൻതോതിൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു. ആന്ധ്രപ്രദേശിലെ കുർണൂലിൽ നിന്ന് 70 കിലോമീറ്ററും അകലെയാണ് യാഗന്തി സ്ഥിതി ചെയ്യുന്നത്. യെരമല കുന്നുകൾക്ക് മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വർഷങ്ങളായി നിരവധി സന്യാസിമാരുടെ വാസസ്ഥലമായിരുന്ന ഈ മലനിരകളിൽ പ്രകൃതിദത്തമായ നിരവധി ഗുഹകൾ ഉണ്ട് .അഗസ്ത്യ ഗുഹ, വെങ്കിടേശ്വര ഗുഹ, വീര ബ്രഹ്മം ഗുഹ എന്നിവയാണ് ക്ഷേത്രത്തിന് ചുറ്റുമുള്ള മൂന്ന് പ്രശസ്തമായ ഗുഹകൾ. അഗസ്ത്യ ഗുഹയ്ക്കുള്ളിൽ വച്ചാണ് അഗസ്ത്യ ശിവന് പാപപരിഹാരം നടത്തിയത്. അഗസ്ത്യ ഗുഹയെ അപേക്ഷിച്ച് വെങ്കിടേശ്വര ഗുഹയിൽ കയറാൻ താരതമ്യേന എളുപ്പമാണ്.
മുകളിൽ എത്താൻ 120 പടികൾ കയറണം. വെങ്കിടേശ്വര ഗുഹയിൽ ഇപ്പോഴും വെങ്കിടേശ്വരന്റെ നശിപ്പിക്കപ്പെട്ട പ്രതിമയുണ്ട്. വീര ബ്രഹ്മം ഗുഹയ്ക്ക് ഉയരം വളരെ കുറവാണ്. ഗുഹയിൽ പ്രവേശിക്കാൻ ഒരാൾ കുറച്ചു ദൂരം കുനിഞ്ഞ് പോകേണ്ടതുണ്ട്. അതിനാൽ തിരിച്ചിറങ്ങി പുറത്തുവരുമ്പോഴും കുറച്ചു സമയം ആ കൂനു നമ്മളെ പിന്തുടരും .
ഈ ആരാധനാലയത്തെ വളരെഏറെ പ്രസിദ്ധമാക്കിയത്, ഇവിടെയുള്ള ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ വളർച്ചയാണ്. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇത് കേവലം വിശ്വാസമല്ല, മറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ച ഒരു വസ്തുതയാണ്. കാരണം, ചില പാറകൾ അങ്ങനെ എൻ ലാർജിങ് സ്വഭാവം കാണിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.
അത്തരത്തിൽ ഉള്ള പാറയിൽ ആണ് പോലും ഇവിടത്തെ നദിയുടെ രൂപം തീർത്തിരിക്കുന്നത് . എന്തായാലും ആർക്കിയോളജിക്കൽ വകുപ്പിന്റെ കണക്കു പ്രകാരം ഓരോ 20 വര്ഷം കൂടുമ്പോഴും ഈ നന്ദി ഒരു ഇഞ്ചു വെച്ച് വലതുതാക്കുന്നു ഇത് ഒരു അത്ഭുതമായിട്ടാണ് ഇവിടെ ഉള്ളവർ കണക്കാക്കുന്നത്.
വിവിവിധ നൂറ്റാണ്ടുകളിൽ വിവിധ പല്ലവ, ചോള ഭരണാധികാരികൾ ശിവക്ഷേത്രം ആരംഭിച്ചെങ്കിലും 15-ആം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ സംഘ രാജവംശത്തിലെ ചക്രവർത്തി ഹരിഹര ബുക്ക രായയാണ് ഇത് പൂർത്തിയാക്കിയത്. ഗൂട്ടി, അനന്തപൂർ, കർണൂൽ, നന്ദ്യാല, തുടങ്ങിയ പട്ടണങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരാം.