ഇന്ത്യയില്‍ ആയിരക്കണക്കിന് ഗ്രാമങ്ങളുണ്ട്. ഓരോ ഗ്രാമങ്ങളും സവിശേഷമായ എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ നിറഞ്ഞതാവും. ഇത്തരത്തില്‍ പ്രത്യേകതകള്‍ നിറഞ്ഞ അസാധാരണമായ ചില ഗ്രാമങ്ങള്‍ പരിചയപ്പെടുത്താം.
ബര്‍വാന്‍ കല വില്ലേജ്
ബിഹാറിലെ ഈ ഗ്രാമത്തിന്റെ കഥ അതി വിചിത്രമാണ്. നീണ്ട 50 വര്‍ഷങ്ങള്‍ക്ക് ശേഷം 2017-ല്‍ ബര്‍വാന്‍ വില്ലേജില്‍ ഒരു ബരാത്ത് ചടങ്ങ് നടന്നു. അതായത് അരനൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവില്‍ ഇവിടെ ഒരു കല്യാണം നടന്നു. ബിഹാറിലെ കൈമൂര്‍ ഹില്‍സിലെ ബര്‍വാന്‍ ഗ്രാമത്തിന്റെ യഥാര്‍ത്ഥ കഥയാണിത്. 2017-വരെ,
വളരെ അനാവശ്യമായ ഒരു കാരണത്താല്‍ ഈ ഗ്രാമത്തില്‍ വിവാഹങ്ങളൊന്നും നടന്നിരുന്നില്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഈ ഗ്രാമം ബാച്ചിലേഴ്സ് വില്ലേജ് എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ പ്രദേശം അവിവാഹിതരുടെ ഗ്രാമം ആകുന്നതിന് കാരണമായത് ബര്‍വാന്‍ കല ഗ്രാമത്തിന്റെ ഭൂപ്രകൃതിയായിരുന്നു.
2017-ന് മുമ്പ്, ബര്‍വാന്‍ ഗ്രാമത്തിലെത്താനുള്ള ഏക മാര്‍ഗം 10 കിലോമീറ്ററോളം റോഡില്ലാത്ത ദുര്‍ഘടമായ പാതയിലൂടെ നടക്കുകയെന്നതായിരുന്നു. ഇത് ഇവിടേക്ക് കല്യാണം നടത്തുന്നതിന് മിക്ക കുടുംബങ്ങളെയും പിന്തിരിപ്പിച്ചു, പക്ഷേ ഗ്രാമവാസികള്‍ ഒടുവില്‍ ഒരു റോഡ് കുഴിച്ച് കല്യാണം സാധ്യമാക്കി.
ശനി ഷിഗ്നാപൂര്‍ വില്ലേജ്
നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം വീടിന്റെ വാതിലുകള്‍ തുറക്കുന്നതിലും അടയ്ക്കുന്നതിലും പോകുന്നു. കൂടാതെ നമ്മള്‍ അവ ശരിയായി അടച്ചിട്ടുണ്ടോ, നമ്മള്‍ സുരക്ഷിതരാണോ, കള്ളന്മാര്‍ പ്രവേശിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ ആശങ്കാകുലരാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂരിലെ നിവാസികള്‍ക്ക് ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. കാരണം ഇവിടുത്തെ വീടുകള്‍ക്ക് ഒന്നും വാതിലുകളില്ല.
‘വാതിലുകളില്ലാത്ത ഗ്രാമം’ എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത് തന്നെ. ഹിന്ദു ദേവതയായ ശനിയുടെ യഥാര്‍ത്ഥ വിശ്വാസികളാണ് നിവാസികള്‍. ഈ ഗ്രാമത്തില്‍ മറ്റൊരാള്‍ക്ക് ദോഷം വരുത്തുന്നവര്‍ ശനിദേവന്റെ ക്രോധത്തിന് പാത്രമാകുമെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഇവിടെയുള്ളവര്‍ ആരും തന്നെ വാതിലുകള്‍ ഇല്ലെന്ന് കരുതി മോഷണമോ മറ്റ് അനുബന്ധ കാര്യങ്ങളോ നടത്താറില്ല.
മത്തൂരു ഗ്രാമം
കര്‍ണാടകയിലെ ഈ ഗ്രാമം സംസ്‌കൃത പഠനത്തിന്റെ പേരിലാണ് ശ്രദ്ധ നേടിയിരിക്കുന്നത്. സംസ്‌കൃത ഭാഷയുടെ പുനരുദ്ധാരണത്തിനായി ഇവിടെയുള്ളവര്‍ ജാതിമതഭേദമന്യേ സംസ്‌കൃതം അഭ്യസിക്കുകയും ദൈനംദിന ഭാഷയാക്കുകയും ചെയ്തു.
ഷിമോഗ ജില്ലയില്‍ തുംഗ നദിയുടെ കരയിലുള്ള ഈ ഗ്രാമത്തിലെ ആളുകളുടെ ഔദ്യോഗിക ഭാഷ കന്നഡയാണെങ്കിലും ഇപ്പോള്‍ അവരുടെ പ്രധാന ഭാഷയായി സംസ്‌കൃതത്തെ ഉപയോഗിക്കുന്നു. ഈ പുരാതന ഭാഷ ഇപ്പോള്‍ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നത് തന്നെയാണ് ഈ ഗ്രാമത്തെ വേറിട്ട് നിര്‍ത്തുന്നത്.
ലോങ്വ വില്ലേജ്
നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണ് ലോങ്വ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ വില്ലേജുകളില്‍ ഒന്നാണിത്, എന്നാല്‍ ഈ ഗ്രാമം പട്ടികയില്‍ ഇടം നേടിയത് അതുകൊണ്ടല്ല. ഇന്ത്യയ്ക്കും മ്യാന്‍മറിനും ഇടയിലുള്ള ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഈ ഗ്രാമത്തിന്റെ പകുതി ഭാഗം മ്യാന്മാറിലാണ്. ഗ്രാമത്തിന്റെ പ്രാദേശിക തലവന്‍, അംഗ് (രാജാവ്)-ന്റെ ഭവനം ഇരു രാജ്യങ്ങളിലുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. അംഗിന്റെ ഭവനത്തില്‍ എത്തിയാല്‍, നിങ്ങള്‍ക്ക് ഒരേ സമയം മ്യാന്‍മറിലും ഇന്ത്യയിലും ചാടി നില്‍ക്കാം. ഈ ഗ്രാമത്തിലെ താമസക്കാര്‍ക്ക് ഇരട്ട പൗരത്വമുണ്ട്.