ഒറ്റയ്ക്കുള്ള യാത്ര ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സുരക്ഷ തന്നെയാണു പ്രധാന പ്രശ്നം. ഒറ്റയ്ക്കുള്ള യാത്രയില്‍ നിന്ന് അവളെ തന്നെയും പിന്നെ അവള്‍ക്ക് ചുറ്റുമുള്ളവരേയും തടയിടുന്ന ഈ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലാത്ത മനോഹരങ്ങളായ കുറേ യാത്രായിടങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന് അറിയാമോ? ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ മനോഹാരിത കൊണ്ടു കാലങ്ങളായി നമ്മെ മോഹിപ്പിക്കുന്ന സ്ഥലങ്ങള്‍ തന്നെയാണിവ.
പോണ്ടിച്ചേരി
തിരകളെ പോലെ ജീവിക്കുക.. കാറ്റു പോലെ പാറി നടക്കുക.. അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ പോണ്ടിച്ചേരിയ്ക്കപ്പുറം മറ്റൊരു നാടില്ല. ഫ്രഞ്ചുകാരന്‍ കയ്യടക്കി വച്ചിരുന്ന നാട്ടില്‍ ഇപ്പോഴുമുണ്ട് അവരുടെ സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളായി കെട്ടിടങ്ങളും കാഴ്ചകളും രുചികളും ഏറെ. ഫ്രഞ്ചിന്റെ സ്വാതന്ത്ര്യ മനോഭാവവും പെണ്‍കുട്ടിയോടുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കരുതലും ബഹുമാനവും കൂടിചേര്‍ന്നിടം കൂടിയാണിവിടം. രണ്ടു സംസ്‌കാരങ്ങളുടെ ചിന്തകളും പിന്നെ സഞ്ചാരികളുടെ ഒഴുക്കിന്റെ താളം തെറ്റരുതെന്ന അവിടുത്തെ ആളുകളുടെ നിലപാടുകളും സ്ത്രീ പുരുഷഭേദം ഇല്ലായ്മ ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ഒറ്റയ്ക്കൊരു യാത്ര കൊതിക്കുന്നവര്‍ക്കാര്‍ക്കും ധൈര്യമായി ചെന്നെത്താം പോണ്ടിച്ചേരിയിലേക്ക്.
ഹംപി
ചരിത്രമുറങ്ങുന്ന ഹംപി യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലിടം പിടിച്ച നാടാണ്. ലോകം കാലത്തിനായി കാത്തുസൂക്ഷിക്കുന്ന ഇടമെന്നര്‍ഥം. ലക്ഷക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. അതുകൊണ്ടു തന്നെ സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ് ഹംപി. ഇന്ത്യന്‍ ആവാസ വ്യവസ്ഥയുടെ ചരിത്രമുറങ്ങുന്ന നാട്ടിലേക്കുള്ള യാത്ര അറിവു പകരും എന്നു മാത്രമല്ല, സ്വന്തം നാടിന്റെ ഇന്നലെകളെത്രയോ പ്രൗഢമായിരുന്നുവെന്നൊരു ഓര്‍മപ്പെടുത്തലും കൂടിയാകും.
ജയ്പൂര്‍
സദാ തിളങ്ങുന്ന മരുഭൂമികളും ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള രാജസ്ഥാന്‍ ഏഴു വര്‍ണത്തിലുമുള്ള വസ്ത്രമണിഞ്ഞ ആഭരണവിഭൂഷിതയായൊരു പെണ്ണിന്റെ ചിരിയോളം ഭംഗിയുണ്ട്. അതുകൊണ്ടു കൂടിയാകാം ജയ്പൂരും അതിനടുത്തുള്ള പുഷ്‌കറും ഉദയ്പൂരും ജെയ്സാല്‍മറുമൊക്കെ പെണ്‍ യാത്രകരുടെ ഏകാന്ത യാത്രകള്‍ക്കു പറ്റിയ ഇടമാണെന്നു പറയുന്നത്. ചിത്രരചനയും ശില്‍പ വാസ്തുവും ചരിത്രവുമൊക്കെ ഇഷ്ടമുള്ള പെണ്‍കുട്ടികളാണെങ്കില്‍ ജയ്പൂര്‍ ഒരു ഛായാചിത്രം പോലെ മനസ്സില്‍ പതിഞ്ഞിരിക്കും.
ഋഷികേശ്
ഗംഗയുടെ ഓളങ്ങള്‍ക്കു കാതോര്‍ത്ത് ഹിമവാന്റെ നിഴലിനോടു ചേര്‍ന്നു കഴിയുന്ന നാട്. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും അതല്ലെങ്കില്‍ മനസ്സിനോടു മാത്രം സംസാരിച്ച് ഏകാന്തമായി കുറേ നേരം ഒരിടത്ത് ഇരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഒരുപോലെ ചേരുന്നിടമാണ് ഋഷികേശ്. ഋഷികേശ് കണ്ടുമടങ്ങിയ വനിതകളാണ് ആ നാടിന്റെ ഈ നന്മയെ കുറിച്ച് പറയുന്നത്. സ്ത്രീകളോടും പെണ്‍കുട്ടികളോടും അങ്ങേയറ്റം സ്നേഹമുള്ളവരാണ് ഋഷികേശുകാര്‍.
കസോള്‍
അവിശ്വസനീയമായ, അഭൗമമായ സൗന്ദര്യമുള്ള ഇടങ്ങള്‍ ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നുണ്ട്. ആരോ വരച്ചത്, അല്ലെങ്കില്‍ നമുക്ക് ചെന്നെത്താവുന്നതിനും അപ്പുറത്തുള്ളൊരിടം എന്ന ധാരണയില്‍ ചുവരിനൊരു അലങ്കാരമായി മാത്രം കണ്ട്് എങ്ങു നിന്നോ വാങ്ങിയ ചിത്രങ്ങള്‍ക്കു ജീവന്‍ വച്ചതു പോലുള്ളൊരിടം. ഹിമാചല്‍ പ്രദേശിലെ കസോള്‍ അങ്ങനെയുള്ളൊരിടമാണ്. പാര്‍വതി മല നരികളുടെ ഭംഗിയില്‍ വിരിഞ്ഞൊരു നാട്.