മണാലി സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട എട്ട് സ്ഥലങ്ങള്‍ പരിചയപ്പെടാം.
- വസിഷ്ഠ ക്ഷേത്രം
മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബിയാസ് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വസിഷ്ഠ്. അവിടെ സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന ഇടമാണ് വസിഷ്ഠ ക്ഷേത്രം. 4,000 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണിത്. തടിയില്‍ അലങ്കരിച്ച കൊത്തുപണികളും, പുരാതന പെയിന്റിംഗുകളും രൂപങ്ങളുമുള്ള അതിശയകരമായ ഘടനയാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. വസിഷ്ഠ മഹര്‍ഷിയുടെ പേരാണ് ക്ഷേത്രത്തിന് നല്‍കിയിരിക്കുന്നത്. ഗുരു വിശ്വകര്‍മ്മയുടെ കൈകളാല്‍ തന്റെ മക്കള്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ വസിഷ്ഠ മഹര്‍ഷി വിഷാദത്തിലായി. പിന്നീട് വസിഷ്ഠ മഹര്‍ഷി ഒരു പുതിയ ജീവിതം ആരംഭിച്ച സ്ഥലമാണ് വസിഷ്ഠ ഗ്രാമമെന്നാണ് ഐതിഹ്യം.
- മണാലി വന്യജീവിസങ്കേതം
മണാലി വന്യജീവിസങ്കേതമാണ് യാത്രികരുടെ മറ്റൊരു പ്രധാന ആകര്‍ഷണം. 3,000 ഹെക്ടറില്‍ പരന്നു കിടക്കുന്ന ഈ സ്ഥലം വിവിധ സസ്യ-ജന്തു ജാലങ്ങളുടെയും വന്യമൃഗങ്ങളുടേയും വിവിധയിനം പക്ഷികളുടേയും ആവാസ കേന്ദ്രമാണ്. സമൃദ്ധമായ താഴ്വരകളും അതിമനോഹരമായ മഞ്ഞുമൂടിയ പര്‍വതങ്ങളും ഉള്ളതിനാല്‍ വന്യജീവി സങ്കേതം അതിശയകരമായ ഒരു സ്ഥലമായി തീരുന്നു.
- ഓള്‍ഡ് മണാലി
മരങ്ങള്‍ നിറഞ്ഞ പര്‍വത പാതകള്‍, ആപ്പിള്‍ തോട്ടങ്ങള്‍, മനാസ്ലു നദിക്കരയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട മണാലിയിലെ ആകര്‍ഷകമായ സ്ഥലമാണ് പഴയ മണാലി. ഗ്രില്‍ഡ് ട്രൗട്ട്, പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റുകള്‍ എന്നിവ നല്‍കുന്ന ബൊഹീമിയന്‍ കഫേകളും കൈകൊണ്ട് നെയ്ത കമ്പിളികളും ഡ്രീംകാച്ചറുകളും വില്‍ക്കുന്ന ഷോപ്പുകളും നമ്മുക്ക് പഴയ മണാലിയില്‍ കാണാം.
- ജോഗിനി വെള്ളചാട്ടം
ജോഗിനി വെളളച്ചാട്ടമാണ് മണാലി യാത്രയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രശസ്തമായ വസിഷഠ് ക്ഷേത്രത്തില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗിലൂടെ മാത്രമെ ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുകയൊളളു. ജോഗിനി വെളളച്ചാട്ടം 150 അടി ഉയരത്തില്‍ നിന്നാണ് പതിക്കുന്നത്. ഈ സ്ഥലം നിങ്ങളെ പ്രകൃതിയുമായി സമന്വയിപ്പിക്കാന്‍ സഹായിക്കുകയും ഒപ്പം ശാന്തതയും സമാധാനവും സമ്മാനിക്കും എന്നതൊരു സവിശേഷതയാണ്. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടം കൂടിയാണിത്.
- മനു ക്ഷേത്രം
മണാലിയില്‍ ഒഴിച്ചുക്കൂടാനാവാത്ത മറ്റൊരു സ്ഥലമാണ് മനു ക്ഷേത്രം. മണാലിയിലെ പ്രധാന മാര്‍ക്കറ്റില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മനു എന്ന മഹര്‍ഷിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. മനസിനു ശാന്തതയും സമാധാനവും ഈ ക്ഷേത്ര പരിസരത്ത് പ്രവേശിക്കുമ്പോള്‍ അനുഭവപ്പെടുമെന്നാണ് ഐതിഹ്യം. ശാന്തമായ ചുറ്റുപാടുകള്‍, അതിശയിപ്പിക്കുന്ന കാഴ്ചകള്‍, എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.
- സോളാങ് വാലി
മണാലിയിലെ മറ്റൊരു ആകര്‍ഷണീയമായ സ്ഥലമാണ് സോളാങ് വാലി. ബിയാസ് നദിക്കും സോളാങ് വില്ലേജിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളുടേയും പച്ചപ്പിന്റേയും അതിമനോഹരമായ കാഴ്ചകളാണ് സോളാങ് വാലി സമ്മാനിക്കുന്നത്. ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഈ സ്ഥലം മികച്ചതാണ്.
- റോഹ്താങ് പാസ്
ഹിമാലയന്‍ നിരകളേയും മണാലിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക മാര്‍ഗമായ റോഹ്താങ് പാസ് ആണ് മറ്റൊരു ആകര്‍ഷണം. മണാലിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം മഞ്ഞിനാല്‍ ചുറ്റപ്പെട്ടതാണ്. ഈ വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ വണ്ടര്‍ലാന്‍ഡിലാണെന്ന് തോന്നിപ്പിച്ചേക്കാം. മഞ്ഞിനാല്‍ ചുറ്റപ്പെട്ടതുകൊണ്ട് സ്നോ ബോര്‍ഡിംഗ്, സൈക്കിള്‍ സവാരി തുടങ്ങിയ രസകരമായ വിനോദങ്ങള്‍ ഈ മേഖലയിലുണ്ട്.
- ഹിഡിംബ ക്ഷേത്രം
മണാലിയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഹിഡിംബ ക്ഷേത്രം. ഭീമന്റെ ഭാര്യ ഹിഡിംബ ദേവിക്കാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. 1553-ല്‍ രാജാ ബഹദൂര്‍ സിംഗ് പണികഴിപ്പിച്ച ഈ ക്ഷേത്രം നിബിഡ വനപ്രദേശമായ വാന്‍ വിഹാറിലാണ് സ്ഥിതി ചെയ്യുന്നത്. നാല് നിലകളുള്ള ഒരു ഘടനയാണ് ക്ഷേത്രത്തിന്റേത്. വാസ്തുവിദ്യയാണ് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ഹിഡിംബയെ വ്യത്യസ്തമാക്കുന്നത്. ഇതിനോട് അടുത്ത് തന്നെ ഭീമന്റേയും ഹിഡിംബയുടെയും പുത്രനായ ഘടോത്കച്ചിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ആരാധനാലയവും സ്ഥിതി ചെയ്യുന്നുണ്ട്.