കേരളത്തിന്റെ വടക്കന്‍ മേഖലയിലെ ഏറ്റവും പ്രാധാന്യമേറിയ വിനോദ സഞ്ചാര കേന്ദ്രമാണ് വയനാട്. കര്‍ണാടകയുമായും തമിഴ്നാടുമായും ഒരുപോലെ അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല കൂടിയാണ് ഇത്. അവിടെ ട്രക്കിങ്ങിന്റെ സാഹസികതയും പച്ചപ്പിന്റെ മനോഹാരിതയും ഒരുപോലെ ചേര്‍ന്ന് നില്‍ക്കുന്ന ഒരിടമുണ്ട്, 900 കണ്ടി. താമരശ്ശേരി ചുരം കടന്ന് വയനാടിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ തങ്ങളുടെ ലിസ്റ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കുന്ന സ്ഥലമായി 900 കണ്ടി മാറി കഴിഞ്ഞു. തികച്ചും ശാന്തമായ അന്തരീക്ഷമുള്ള ഇവിടം പ്രകൃതിരമണീയമായ കാഴ്ചകള്‍ കൊണ്ട് സഞ്ചാരികള്‍ക്ക് കുളിരേകും.
വായുവില്‍ നില്‍ക്കും പോലെയുള്ള അനുഭൂതി പകരുന്ന ഗ്ലാസ് ബ്രിഡ്ജ് ആണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. അതിനൊപ്പം ഒരു സ്വകാര്യ തോട്ടവും അവിടെ സ്ഥിതി ചെയ്യുന്നു. 900 കണ്ടിയുടെ താഴ്വരയില്‍ നിന്നുള്ള മേലേക്ക് കയറാനുള്ള പാതയാണ് ഏറ്റവും സാഹസികത. ചുറ്റും ഇടതൂര്‍ന്ന മരങ്ങള്‍ക്ക് ഇടയിലൂടെ ട്രക്കിംഗ് നടത്തുന്നവര്‍ക്ക് അതിനുള്ള സാധ്യതയും ഇവിടെയുണ്ട്. കോഴിക്കോട് നിന്ന് വരുന്നവര്‍ക്ക് താമരശ്ശേരി ചുരം കയറി വൈത്തിരിയിലേക്ക് എത്താം. അവിടെ നിന്ന് മേപ്പാടി വഴി 900 കണ്ടിയിലേക്ക് കയറാം. കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് കൂത്തുപറമ്പ് വഴി മാനന്തവാടി കയറി അവിടെ നിന്നും കല്‍പ്പറ്റ വഴി 900 കണ്ടിയിലെത്താം.