കേരളത്തിന്റെ നയനമനോഹാരിത വിളിച്ചോതുന്ന ചെറുദ്വീപാണ് ചാത്തമ്മ ദ്വീപ്. വേമ്പനാട്ടു കായലും കൈതപ്പുഴ കായലും സംഗമിക്കുന്ന ചാത്തമ്മ ദ്വീപില്‍ വികസനം എത്തിനോക്കുന്നതിനു മുമ്പ് ഇവിടുത്തേക്ക് എത്തിപ്പെടാന്‍ വളരെ പ്രയാസമായിരുന്നു. പൊക്കാളി കൃഷി, ചെമ്മീന്‍കെട്ട്, കയര്‍ പിരിക്കല്‍ മുതലായ പരമ്പരാഗത കൃഷി രീതിയിലൂടെയായിരുന്നു ഇവിടുത്തുകാര്‍ പ്രധാന വരുമാനമാര്‍ഗം കണ്ടെത്തിയിരുന്നത്.
1924ല്‍ സ്ഥാപിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ പള്ളിയായ നിത്യസഹായമാതാവിന്റെ പള്ളി സ്ഥിതി ചെയ്യുന്നതും ചാത്തമ്മയിലാണ്. രാജഭരണകാലത്ത് രാജാവിന്റെ അപ്രീതിക്കിരയാകുന്നവര്‍ ഒളിവില്‍ കഴിയാന്‍ തിരഞ്ഞെടുത്തിരുന്ന ഇടം ചാത്തമ്മയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വിവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ഒളിവില്‍ കഴിയുന്നതിനും തിരഞ്ഞെടുക്കുന്നത് ഇവിടം തന്നെ.
എറണാകുളം നഗരത്തില്‍നിന്നും ഏകദേശം 12 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വിനോദസഞ്ചാരികള്‍ക്ക് ഏറെ ആനന്ദം പകരുന്ന കാഴ്ച്ചകള്‍ സമ്മാനിക്കും. ചീനവലകളും ചെമ്മീന്‍കെട്ടുകളും കൊതുമ്പുവള്ളങ്ങള്‍ തുഴയുന്നവരെയും കാമറയില്‍ പകര്‍ത്താനെത്തുന്നവര്‍ ഏറെയാണ്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചാത്തമ്മ ദ്വീപ് ദേശാടനപക്ഷികളുടെയും ഇഷ്ടസങ്കേതമാണ്.
കുമ്പളം പഞ്ചായത്തിലാണ് ചാത്തമ്മ സ്ഥിതി ചെയ്യുന്നത്. ഇരുവശങ്ങളിലും ചതുപ്പുനിറഞ്ഞ പ്രദേശങ്ങള്‍. തികച്ചും നിശബ്ദതയാര്‍ന്ന അന്തരീക്ഷത്തില്‍ കിളികളുടെ കളകളാരവും ഇടയ്ക്കിടക്ക് ഉയര്‍ന്നുപൊങ്ങുന്ന കൊക്കുകളും പൊന്‍മാനുകളുമെല്ലാം ഫോട്ടാഗ്രാഫര്‍മാരുടെ കഴിവുതെളിയിക്കാനാകുന്ന തരത്തിലുള്ള ഫോട്ടോകളും സമ്മാനിക്കും. കൈതപ്പുഴ കായലിന്റെ ഓരങ്ങളിലെല്ലാം ചൂണ്ടയുമായി മീന്‍പിടിക്കുന്നവരെയും കാണാനാകും.
യാത്രാമാര്‍ഗങ്ങള്‍ക്കായി വള്ളവും കെട്ടുവഞ്ചികളും മാത്രം ഉപയോഗിച്ചിരുന്ന ദ്വീപ് നിവാസികള്‍ക്ക് വികസനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പാലം യാഥാര്‍ഥ്യമായതോടെ ചാത്തമ്മ ദ്വീപിനെ പുറംലോകമറിയാന്‍ തുടങ്ങി. കൃഷി മാത്രം വരുമാന മാര്‍ഗമാക്കിയിരുന്നവര്‍ ഇതോടെ മറ്റു തൊഴിലുകള്‍ കണ്ടെത്തി നഗരങ്ങളെ ആശ്രയിക്കാനും തുടങ്ങി.
പാലവും റോഡും യാഥാര്‍ഥ്യമായതോടെ ഈ ഭാഗങ്ങളിലെ കൃഷിഭൂമികള്‍ ചെറുവിലയില്‍ വാങ്ങി റിസോര്‍ട്ടുകള്‍ ആരംഭിച്ചതോടെ ഇവിടം ടൂറിസ്റ്റ് കേന്ദ്രവുമായി മാറി. എന്നാല്‍, ഇതു മുതലെടുത്തുകൊണ്ട് ഭൂമാഫിയകളുടെ നേതൃത്വത്തില്‍ അനധികൃത കൈയേറ്റങ്ങളും വ്യാപകമായതോടെ ചാത്തമ്മ ദ്വീപ് നാശത്തിന്റെ വക്കിലാണ്. ചാത്തമ്മ ദ്വീപിനെ വിനോദസഞ്ചാരമേഖലയാക്കി മാറ്റാന്‍ സര്‍ക്കാര്‍ തലങ്ങളില്‍ വേണ്ടത്ര പദ്ധതികള്‍ രൂപീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.