പത്തനംതിട്ട അട്ടച്ചാക്കല്‍-കുമ്പളാംപൊയ്ക റോഡരികിലെ ചെങ്ങറ വ്യൂ പോയിന്റിലെ അരയന്ന ശില്പം കാണികളെ ആകര്‍ഷിക്കുന്നു. ചെങ്ങറ ചങ്ക് ബ്രദേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിലെ യുവാക്കളുടെ നേതൃത്വത്തിലാണ് ശില്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പിലെ ചെങ്ങറ പാറയ്ക്കല്‍ മധുവാണ് ശില്പനിര്മാണത്തിന് നേതൃത്വം നല്‍കിയത്. സിമിന്റും മുളയും ചാക്കും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയയത്.
ചെമ്മാനി എസ്റ്റേറ്റിലെ മലനിരകളുടെയും കൈതച്ചക്കത്തോട്ടത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ ശില്പവും സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. മഞ്ഞുനിറയുന്ന പുലര്കാലവും സന്ധ്യയുമാണ് ചെങ്ങറയുടെ പ്രത്യേകത.റോഡരികിലെ വ്യൂ പോയിന്റില്‍ കുടിലുകളും ഐ ലൗവ് ചെങ്ങറ എന്ന ബോര്‍ഡും വാട്സ്ആപ്പ് കൂട്ടായ്മ തന്നെ സ്ഥാപിച്ചിട്ടുണ്ട്. കുടിലുകള്‍ക്കുള്ളില്‍ റാന്തല്‍ വിളക്കുകളുമുണ്ട്. കഴിഞ്ഞ ക്രിസ്മസ് പുതുവത്സര കാലഘട്ടത്തില്‍ കാളവണ്ടിയുടെയും ചുണ്ടന്‍വള്ളത്തിന്റെയും മാതൃകകളും നിര്‍മിച്ചിരുന്നു.
കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും കിടന്ന പ്രദേശമാണ് ഇത്തരത്തില്‍ യുവാക്കള്‍ മാറ്റിയെടുത്തത്. പ്രകൃതിദത്ത വസ്തുക്കളായ മുള ഓല, കണയുടെ ഓല, പുല്ല് എന്നിവ ഉപയോഗിച്ചാണ് പലതിന്റെയും നിര്‍മാണം. രാവിലെയും വൈകുന്നേരവും സഞ്ചാരികള്‍ ചെങ്ങറയിലേക്ക് ഏറെ എത്തുന്നുണ്ട്. അട്ടച്ചാക്കല്‍-കുമ്പളാംപൊയ്ക റോഡിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതും പതിവാണ്. മയിലുകളുടെ സാന്നിധ്യവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. മലമടക്കുകളിലെ ചെറുതോടുകള്‍ അച്ചൻകോവിലാറിന്റെ കൈവഴികളാണ്.