കട്ടപ്പനയില്‍നിന്ന് നോക്കിയാല്‍ കുന്തളംപാറ മലയുടെ ഒരുവശത്തായി കസേരപ്പാറ കാണാം. ആമയുടെയും കസേരയുടെയും പാമ്പിന്റെയും തലയോട്ടിയുടെയും അകൃതിയിലുള്ള പാറകള്‍ ഇവിടെ കാണാം. ഉയര്‍ന്നുനില്‍ക്കുന്ന നിരവധി കുറ്റന്‍ പാറകളാണ് കസേരപ്പാറയുടെ പ്രത്യേകത. സമുദ്ര നിരപ്പില്‍നിന്ന് 1500 അടി ഉയരത്തിലുള്ള കട്ടപ്പന കുന്തളംപാറ മലയുടെ ഒരു ഭാഗത്താണ് കസേരപ്പാറ. കട്ടപ്പന-മാലി റോഡിലൂടെ മേട്ടുകുഴിയിലെത്തി അവിടെനിന്ന് ഒരു കിലോമീറ്റര്‍ വാഹനത്തിലോ, നടന്നോ കസേരപ്പാറയിലെത്താം.
ബൈക്ക്, ജീപ്പ് എന്നിവ മാത്രം ഏലത്തോട്ടത്തിലൂടെ കടന്നുപോകുന്ന ഇടുങ്ങിയ പാതയാണെന്ന് മാത്രം. നിരവധി സഞ്ചരികളാണ് ഒഴിവു ദിവസങ്ങളില്‍ ഇവിടേക്ക് എത്തുന്നത്. ജില്ലയിലെ പ്രധാന ടൂറിസം പ്രദേശങ്ങളായ രാമക്കല്‍മേട്, പരുന്തുംപാറ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കാണാവുന്നതിലും ഏറെ മനോഹരമായ കാഴ്ചകളാണ് കസേരപ്പാറയില്‍നിന്ന് ആസ്വദിക്കാന്‍ കഴിയുക. ഇടുക്കി, ചെറുതോണി ഡാമുകളുടെ വിദൂരദൃശ്യം കസേരപ്പാറയുടെ മാത്രം പ്രത്യേകതയാണ്.
സാഹസിക യാത്രികര്‍ ബൈക്ക് ഓടിച്ച് മലമുകളിലെ കസേരപ്പാറയില്‍ കയറ്റിവെച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് പതിവ് കാഴ്ചയാണ്. വലിയ ശ്രദ്ധയും സുരക്ഷയും വേണ്ട മേഖലയാണിത്. കാര്യമായ അപകട മുന്നറിയിപ്പ് സംവിധാനം ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ ഏറെ ശ്രദ്ധിച്ച് മാത്രമേ കസേരപ്പാറയിലേക്ക് കയറാവൂ എന്ന് പ്രദേശവാസികള്‍ പറയുന്നു.