കോട്ടയം ജില്ലയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹില്‍സ്റ്റേഷനായ ഇവിടം മാങ്കുന്നത്ത്, കടയന്നൂര്‍മല, താന്നിപ്പാറ എന്നീ മലനിരകള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനില്‍ക്കുന്നത്. ഇതിന്റെ സമീപത്തായി മറ്റൊരു ആകര്‍ഷണമായി ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നു.
ശക്തമായ കാറ്റുളതിനാല്‍ താഴെയുള്ള ചിറയില്‍ ഒരു ഇല പോലും വീഴില്ല എന്നതുകൊണ്ടാണ് സ്ഥലത്തിന് ഈ പേര് വന്നത്. ഏതു സമയവും തഴുകിയെത്തുന്ന കുളിര്‍ക്കാറ്റും മലനിരകളെ പൊതിഞ്ഞുസംരക്ഷിക്കുന്ന കോടമഞ്ഞും ഇടയ്ക്കിടെ വിരുന്നെത്തുന്ന നൂല്‍മഴയും ഇലവീഴാപൂഞ്ചിറയെ സുന്ദരിയാക്കുന്നു. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം. ഇലവീഴാപൂഞ്ചിറയില്‍നിന്ന് ഉദയവും അസ്തമയവും കാണുവാന്‍ സാധിക്കും. കുന്നിന്‍ മുകളില്‍ പഴയ തീവണ്ടി ബോഗികൊണ്ട് സ്ഥാപിച്ച ഒരു വയര്‍ലെസ് സ്റ്റേഷനുമുണ്ട്.