കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കല്‍കല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ ‘പില്ലര്‍ റോക്ക്‌സിനോട്’ ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഇല്ലിക്കല്‍കല്ല് സന്ദര്‍ശിക്കാവുന്നതാണ്. വിനോദസഞ്ചാരികള്‍ക്ക് വലിയ ആയാസം കൂടാതെ ഇല്ലികല്‍ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേര്‍ന്നു കിടക്കുന്നു. ഈ കൊടുമുടിയുടെ മുകളില്‍ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. കൊടുമുടിയുടെ മുകളില്‍ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാന്‍ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കല്‍കല്ലിലെത്താം.