ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അടച്ച ആലപ്പുഴ ലൈറ്റ് ഹൗസിലും രാജ്യത്തെ ആദ്യത്തെ പെന്റഗൺ ലൈറ്റ് ഹൗസായ വലിയഴീക്കലിലും ഇനി സന്ദർശനമാകാം. രണ്ടു ലൈറ്റ് ഹൗസുകളും സന്ദർശകർക്കായി തുറന്നു. ആകാശക്കാഴ്ച കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വലിയതിരക്കാണ് അനുഭവപ്പെട്ടത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനു കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്സ് ഡയറക്ടറേറ്റിനാണ് ലൈറ്റ് ഹൗസുകളുടെ ചുമതല. രാവിലെ 9 മുതൽ വൈകിട്ട് 5.30വരെയാണ് സന്ദർശനാനുമതി നൽകിയിട്ടുള്ളത്. ആലപ്പുഴ ബീച്ച്, വലിയഴീക്കൽ പാലവും ബീച്ചും എന്നിവ സന്ദർശിക്കുന്ന തദ്ദേശ, വിദേശ സഞ്ചാരികൾക്ക് ഇനി ലൈറ്റ് ഹൗസുകൂടി സന്ദർശിച്ച ശേഷം മടങ്ങാം.
ആലപ്പുഴ ലൈറ്റ് ഹൗസിനു മുകളിൽ കയറിയാൽ ബീച്ചും നഗരത്തിലെ കെട്ടിട സമുച്ചയങ്ങളും കാണാനാകും. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിൽ നിർമിച്ചിട്ടുള്ള ലൈറ്റ് ഹൗസിന് അകത്ത് മുകളിലേക്ക് കയറുന്നതിന് പടികളുണ്ട്. ലൈറ്റ് ഹൗസിനോടു ചേർന്ന് മ്യൂസിയവും സന്ദർശിച്ചു മടങ്ങാം. സംസ്ഥാനത്തെ ചുരുക്കം ചില ലൈറ്റ് ഹൗസുകളിൽ മാത്രമാണ് മ്യൂസിയമുള്ളത്.
നാലുമാസം മുമ്പാണ് 41.26 മീറ്റർ ഉയരമുള്ള രാജ്യത്തെ ആദ്യത്തെ പെന്റഗൺ ലൈറ്റ് ഹൗസ് വലിയഴീക്കലിൽ ഉദ്ഘാടനം ചെയ്തത്. കോവിഡ് നിയന്ത്രണമായതിനാൽ കഴിഞ്ഞദിവസമാണ് ആദ്യമായി സന്ദർശകർക്കായി തുറന്നത്. ലിഫ്റ്റ് സംവിധാനം ക്രമീകരിച്ചിട്ടുള്ള ലൈറ്റ് ഹൗസാണ് വലിയഴീക്കലിലേത്. രാജ്യത്തെ 65ലൈറ്റ് ഹൗസുകൾ പ്രമോഷൻ ടൂറിസത്തിന്റെ ഭാഗമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വലിയഴീക്കൽ ലൈറ്റ് ഹൗസ് നിർമാണം നടത്തിയത്.
പ്രവർത്തനസമയം
- രാവിലെ: ഒന്പതു മുതൽ 11.45വരെ
- ഉച്ചകഴിഞ്ഞ്: രണ്ടു മുതൽ വൈകുന്നേരം 5.30വരെ
ഫീസ് (രൂപയിൽ)
- മുതിർന്നവർ-20
- കുട്ടികൾ-10
- മുതിർന്ന പൗരൻ-10
- വിദേശികൾ-50
- വീഡിയോ കാമറ-50
ലൈറ്റ് ഹൗസുകളുടെ ഉയരം (മീറ്ററിൽ)
- ആലപ്പുഴ-28
- വലിയഴീക്കൽ-41.26