സൂര്യകിരണങ്ങൾ കടന്നുവരാൻ പോലും മടിക്കുന്ന കാട്. ഭൂമിയിലുള്ള ഓരോ പ്രദേശങ്ങളും അരിച്ചു പെറക്കുന്ന ഗൂഗിളിന്റെ കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ കഴിയാത്ത സ്ഥലം. ഇന്നും ലോകം അറിയാത്ത കൊടും വനപ്രദേശം. അമ്പതിലധികം കാട്ടാനകൾ, ഇഴജന്തുക്കൾ, പേരറിയാത്ത മറ്റു ജന്തുജീവജാലങ്ങൾ. വനംവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത്രയേറെ ആന കൊമ്പന്മാർ അഴിഞ്ഞാടുന്ന അപകടകരമായ ഒരു പ്രദേശം വേറെയില്ല. ദി മോസ്റ്റ് ഡെയ്ഞ്ചറസ് ഡെസ്റ്റിനേഷൻ. പണ്ട് നാട്ടുരാജാക്കന്മാർ യുദ്ധങ്ങളിൽ തോൽവിക്ക് മുമ്പ് ജീവൻ രക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കാട്ടുപാത. കൊച്ചി-കോതമംഗലത്ത് നിന്നും തട്ടേക്കാട്-ഭൂതത്താൻകെട്ട് വഴി മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും അതു വഴി മൈസൂരിലേക്കും മദ്രാസിലേക്കും ഒക്കെ കടന്നിരുന്ന മരണ പാത. ഇന്ന് പക്ഷേ ഇത് അടച്ചിട്ടിരിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തിന് അറിയാത്ത ഈ കാട്ടു പാതയിലേക്ക് എത്തുന്നതിനുമുമ്പ് നാം മാമലക്കണ്ടത്തെ കുറിച്ച് അറിയണം. അതിനോട് ചേർന്നു കിടക്കുന്ന പൂയംകുട്ടി വനം എന്തെന്ന് കാണണം. ഇവകൾക്കെല്ലാം ഇടയിലൂടെ തെന്നിയും തെറിച്ചും ഒഴുകിനീങ്ങുന്ന കുട്ടമ്പുഴയോരത്ത് വല്ലപ്പോഴും ഒന്ന് ഇറങ്ങി നടക്കണം.
കോതമംഗലവും തട്ടേക്കാടും കഴിഞ്ഞ് വൃക്ഷങ്ങൾ നിഴലുകളെ കൊണ്ട് തണൽ ഒരുക്കിയ റോഡിലൂടെ മുന്നോട്ടു പോകുന്ന നമ്മെ വരവേൽക്കുന്നത് നിരവധി പ്രദേശങ്ങളുടെ ജീവനാഡിയായ കുട്ടമ്പുഴയാണ്. ഏതൊക്കെയോ മലനിരകൾക്കിടയിലൂടെ അനേകം വനാന്തരങ്ങൾക്കിടയിലൂടെ നീർച്ചാലുകളായി, അരുവികളായി, തോടുകളായി ഒടുവിൽ ഒരു പുഴയായി പിന്നെ കുട്ടിക്കല് എന്ന സ്ഥലത്തെത്തി കുട്ടമ്പുഴ പെരിയാറുമായി പ്രണയിച്ച ശേഷം അവർ ഒന്നായി ഒഴുകുന്നു. കുട്ടമ്പുഴയിൽ നിന്നും നേരെ പോയാൽ പൂയംകുട്ടി വനം. പുലിമുരുകൻ എന്ന ചരിത്ര സിനിമയിലൂടെ നാം കണ്ടതും അറിഞ്ഞതും ആണ് പൂയംകുട്ടി വനം. വർഷങ്ങൾക്ക് മുമ്പ് ഐ.വി ശശിയുടെ ഈറ്റ എന്ന സിനിമയും ഈ വനത്തിലാണ് ചിത്രീകരിച്ചത് പക്ഷേ നമുക്ക് കാട് കണ്ട് മനം നിറഞ്ഞതും നാമതിശയിച്ചതും പുലിമുരുകനിലൂടെയാണ്.
കുട്ടമ്പുഴയിൽ നിന്നും ഉയരങ്ങളിലേക്ക് 9 കിലോമീറ്റർ. ഉരുളൻതണ്ണിയിൽ നിന്നും പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റൂട്ട്. ഒരിക്കൽ പോയാൽ പിന്നീട് ഒരിക്കലും മറക്കാത്ത യാത്ര. തുടക്കത്തിൽ അങ്ങിങ്ങായി ആദിവാസി ഊരുകൾ കാണാം. പിന്നെ വിജനമാണ്. കാടിന്റെ തുടക്കമാണ്. നാലുചക്രവാഹനത്തിന് കടന്നുപോകാൻ കഴിയുന്ന വിധത്തിൽ കോൺക്രീറ്റ് ചെയ്ത് വൃത്തിയുള്ള വഴി. ഇടയ്ക്കിടെ ആനപ്പിണ്ടങ്ങൾ. കിളികളുടെ കലപില ശബ്ദങ്ങൾ. ഇടയ്ക്ക് നിശബ്ദത. നിഗൂഢത. ഒരുനിമിഷം അരുവികൾ പോലും ഉറങ്ങുകയാണെന്ന് തോന്നും. ആ ഭയത്തിനിടയിലും ഒരു ഒരാവേശം. അതിലൂടെ കിട്ടുന്ന ഒരു സുഖം. അങ്ങനെ കാട്ടിലൂടെ കുറെ കയറ്റങ്ങളും വളവുകളും ഇറക്കങ്ങളും ഒക്കെ പിന്നിട്ട് മാമലക്കണ്ടം. മഴയില്ലാത്ത കാലത്ത് ജനങ്ങൾ കൂട്ടമായി നിന്ന് മുനിയറകളില് കാട്ടു തേൻ ഒഴിച്ച് പായസം വെച്ചാൽ മഴപെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു ജനത ജീവിക്കുന്ന ഇടം. നാലുവശവും കാട്. ചുറ്റും മലനിരകൾ. അതിനുമുകളിൽ അങ്ങിങ്ങായി വെള്ളി നൂൽ പോലെ നീർച്ചാലുകൾ.
ഇന്നും മുനിയറകളെ ആരാധിക്കുന്ന ഒരുകൂട്ടം ജനങ്ങൾ അധിവസിക്കുന്ന മാമലക്കണ്ടം. നാല് ദിക്കിലും കാടിനാൽ ചുറ്റപ്പെട്ട മാമലക്കണ്ടം യാത്രയിൽ കാട്ടാനക്കൂട്ടങ്ങളും മാൻക്കൂട്ടങ്ങളും സ്ഥിരം കാഴ്ച്ചയാണ്. കുത്തനെയുള്ള കയറ്റങ്ങളും വീതി കുറഞ്ഞ റോഡിലൂടെയുമുള്ള സാഹസിക യാത്രയാണ് മാമലക്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനെ വ്യത്യസ്തമാക്കുന്നത്. ഈ ഗ്രാമത്തിലേക്ക് കെഎസ്ആർടിസി ഒരു സ്റ്റേ ബസ് സർവ്വീസ് നടത്തുന്നുണ്ട്. വൈകുന്നേരം 5.15 നു കോതമംഗലത്തു നിന്നും മാമലക്കണ്ടത്തേക്ക് പുറപ്പെടുന്ന ഈ ബസ്സും ജീവനക്കാരും രാത്രിയിൽ വനമധ്യത്തിലെ ഈ ഗ്രാമത്തിൽ അന്തിയുറങ്ങും. പിറ്റേന്ന് രാവിലെ 6.15 നു മടക്കം.