മലമുകളില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതു മീശപ്പുലിമലയാണ്. ഇടുക്കി ജില്ലയിലെ മൂന്നാറില്‍നിന്ന് 27 കിലോമീറ്റര്‍ അകലെയാണു മീശപ്പുലിമല സ്ഥിതിചെയ്യുന്നത്. ആനമുടി കഴിഞ്ഞാല്‍ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. ഉയരം 2,640 മീറ്റര്‍. സാഹസികതയും തണുപ്പും ഇഷ്ടപ്പെടുന്നവര്‍ക്കു പറ്റിയ സ്ഥലമാണ് മീശപ്പുലിമല. സീസണില്‍ മൈനസ് ഡിഗ്രിയായിരിക്കും പലപ്പോഴും താപനില. മലമുകളിലെത്തിയാല്‍ മേഘക്കൂട്ടങ്ങളെ തൊട്ടടുത്തു കാണാനാവും. ആനമുടി, കുണ്ടള ഡാം, കൊളുക്കുമല, ആനയിറങ്ങല്‍ ഡാം, പാണ്ടവന്‍ ഹില്‍സ്, മൂന്നാര്‍ ടൗണ്‍, ടോപ്പ് സ്റ്റേഷന്‍, തമിഴ്‌നാടിന്റെ പ്രദേശങ്ങള്‍ എന്നിവയും ഇവിടെനിന്നുള്ള കാഴ്ചകളാണ്.
ട്രക്കിംഗിനിടയില്‍ കുറിഞ്ഞിവാലി വെള്ളച്ചാട്ടം, ചുവന്ന പൂക്കള്‍ നിറഞ്ഞ റോഡോ ചെടികള്‍, കാട്ടാനകള്‍, വരയാടുകള്‍ തുടങ്ങിയവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബേസ് ക്യാന്പില്‍നിന്ന് 12 കിലോമീറ്റര്‍ ദൂരമുണ്ട് മീശപ്പുലിമലയിലേക്ക്. നവംബര്‍ മുതല്‍ മേയ് മാസം വരെയാണ് സന്ദര്‍ശനത്തിനു പറ്റിയ സമയം. വനംവകുപ്പിന്റെ കീഴിലാണ് ഇവിടെ ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്. www.kfdcecotourism.com വെബ്‌സൈറ്റിലൂടെ ട്രക്കിംഗ് ബുക്ക് ചെയ്യാം. വിവരങ്ങള്‍ക്ക്: കെഫ്ഡിസി മൂന്നാര്‍ – +91 4865 230332, +91 8289821408