മഞ്ഞിന്റെ ദൃശ്യഭംഗി ആവോളം നുകരാൻ അവസരമൊരുക്കുന്ന മണക്കാട് പഞ്ചായത്തിലെ മുണ്ടൻമല സഞ്ചാരികളെ മാടിവിളിക്കുന്നു. ടൂറിസം രംഗത്ത് അനന്തസാധ്യതകളുള്ള ഇവിടെ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് പദ്ധതി തയാറാക്കി വരികയാണ്.
ഇവിടെയെത്തുന്നവർക്ക് വിദൂരക്കാഴ്ചയുടെ ദൃശ്യഭംഗി ആവോളം നുകരാൻ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തയാറാക്കിയ പവിലിയൻ മാത്രമാണ് നിലവിലുള്ള സൗകര്യം. പവലിയനിൽനിന്നു സന്ദർശകർക്ക് ദൂരക്കാഴ്ചകൾ അടുത്തു കാണുന്നതിനായി ദൂരദർശിനിയും സ്ഥാപിച്ചിട്ടുണ്ട്.
തൊടുപുഴ-വഴിത്തല റൂട്ടിൽ വാഴപ്പള്ളിയിൽനിന്നു 1.7 കിലോമീറ്റർ യാത്ര ചെയ്താൽ മുണ്ടൻമലയിലെത്താം. തൊടുപുഴയിൽനിന്നു ഏഴു കിലോമീറ്റർ യാത്രയാണ് ഇവിടേക്കുള്ളത്. ഇവിടെയെത്തിയാൽ നോക്കെത്താ ദൂരത്തോളമുള്ള മഞ്ഞിന്റെ ദൃശ്യഭംഗി പുലർച്ചെ മുതൽ കണ്കുളിർക്കെ ആസ്വദിക്കാനാവും.
മൂവാറ്റുപുഴ മണിയന്ത്രം മല വരെ നീണ്ടുകിടക്കുന്ന ചേതോഹരമായ കാഴ്ചയാണ് കാണികൾക്ക് വിരുന്നൊരുക്കുന്നത്. പുലർച്ചെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞ് വേനൽച്ചൂടേറ്റ് മെല്ലെ നീങ്ങുന്നതോടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ കഴിയും. ഇവിടെയിരുന്ന് ദൂരക്കാഴ്ച നുകരാൻ സഞ്ചാരികൾക്ക് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. 14 ലക്ഷം രൂപയുടെ പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത്. താഴ്വാരത്തുനിന്നു മലമുകളിൽ എത്താൻ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച ടാർ റോഡുമുണ്ട്.