അടിമാലി: അടിമാലി ഫോറസ്റ്റ് റേഞ്ചിലെ വരയാട്ടുമുടിയിൽ വനംവകുപ്പ് നടത്തിയ കണക്കെടുപ്പിൽ 50 വരയാടുകളെ കണ്ടെത്തി. വരയാട്ടുമുടി, മുത്തൻമുടി എന്നിവിടങ്ങളിലാണ് സെൻസസ് നടത്തിയത്. 16 വരയാടുകളെ കൂട്ടത്തോടെ കണ്ടെത്തുകയും വനംവകുപ്പ് ഇവയുടെ ചിത്രം എടുക്കുകയും ചെയ്തു. ഇടുക്കിയിൽ മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയ്ക്കുശഷം വരയാടുകളെ കൂട്ടത്തോടെ കണ്ടെത്തിയത് ഇവിടെയാണ്.
ഒറ്റപ്പെട്ട നിലയിൽ മേഖലയിൽ നേരത്തെ വരയാടുകളെ കണ്ടിരുന്നെങ്കിലും ഇത്രയും വരയാടുകൾ ഇവിടെ ഉള്ളതായി വിവരമില്ലായിരുന്നു. ആദിവാസികൾ അഞ്ചുമുതൽ പത്തോളം വരയാടുകൾ വരെ കൂട്ടമായി നടക്കുന്നത് കണ്ട വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ വനപാലകർ ഇവയെ കൂട്ടമായി കാണുന്നത് സെൻസസ് എടുക്കുന്നതിനിടെയാണെന്ന് അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷ് പറഞ്ഞു. അടിമാലി റേഞ്ചിൽ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഇവിടെ വനംവകുപ്പ് അതീവ സംരക്ഷണം നൽകിവരുന്നതായും അദ്ദേഹം പറഞ്ഞു.
മേഖലയിൽ നൂറോളം വരയാടുകൾ ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അടിമാലിയിൽനിന്ന് ചിന്നപ്പാറ, ചൂരക്കട്ടൻ ആദിവാസി സങ്കേതങ്ങൾ വഴി വരയാട്ടുമുടിയിൽ എത്താം. വാളറ കുതിരകുത്തി മലയിലൂടെ തേക്കടിച്ചാൽ വഴിയും വരയാട്ട് മുടിയിൽ എത്താം. മൂന്നാറിൽ കാണപ്പെടുന്ന വരയാടുകളുടെ അതേ വംശത്തിൽപ്പെടുന്നവയാണ് ഇവിടെയുള്ളത്. ഇവിടെ ടൂറിസം മേഖലയായി പ്രഖ്യാപിച്ച് പുതിയ സംരക്ഷണമേഖലയാക്കി മാറ്റാൻ മൂന്നാർ ഡിഎഫ്ഒ സർക്കാരിലേക്ക് കത്തെഴുതിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
വരയാടുകൾക്ക് പുറമെ കാട്ടാന, മ്ലാവ്, കേഴ, കാട്ടുപോത്ത് മുതലായ വന്യമൃഗങ്ങളും മേഖലയിലുണ്ട്. കുതിരകുത്തി മലവരെ വരയാടുകൾ സഞ്ചരിച്ച് എത്താറുണ്ട്. വാളറ മേഖലയിലെ ഏറ്റവും കൂടുതൽ വിദൂരദൃശ്യമുളള പ്രദേശമാണ് കുതിരകുത്തി.