പത്തനംതിട്ടയിൽ നിന്നും ഏകദേശം 12 കി.മീ (പത്തനംതിട്ട-പുനലൂർ വഴിയിൽ) അകലെയുള്ള കോന്നിയിലെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നാണ് ഒൻപത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ആനത്താവളം കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രമാണിത്. മുൻപൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977-ഓടേ ആനപിടുത്തം അവസാനിപ്പിച്ചു.
പത്തനംതിട്ടയിൽ നിന്നും കുമ്പഴ വഴി കോന്നിയിലെത്തത്താം കോന്നി കവലയിൽ നിന്നും വലത്തോട്ട് (സർക്കാർ ആശുപത്രി റോഡ്) തിരിഞ്ഞ് 300 മീ കഴിഞ്ഞാൽ വലതുവശത്ത് (ആശുപത്രി കഴിഞ്ഞാലുടൻ) ആനത്താവളം കാണാം.കൂടാതെ പുനലൂരിൽ നിന്നും പത്തനാപുരം വഴി കോന്നി(SH 08) യിൽ എത്താം. കോന്നി കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 300 മീ കഴിഞ്ഞാൽ വലതുവശത്ത് ആനത്താവളം കാണാം. വിപുലമായ പാർക്കിങ്ങ് ഒരുക്കിയിട്ടുണ്ട്
പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ കൊടുംവേനലിൽപ്പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണ്. പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. അത്യപൂർവ്വങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്.
അരുവിക്കുഴി വെള്ളച്ചാട്ടം സന്ദർശകർക്കായി ഒരുക്കിവെച്ചിട്ടുളളത് മനം മയക്കുന്ന കാഴ്ച്ചയാണ്. ഇടതൂർന്ന പച്ചപ്പിനു നടുവിൽ ശാന്തമായൊഴുകുന്ന അരുവി മഴക്കാലത്താണ് സജീവമാകുന്നത്. പാറക്കെട്ടുകൾക്കു മുകളിലൂടെ പലതട്ടുകളായി വീണൊഴുകുന്ന ജലപാതവും വൻമരങ്ങൾ തീർക്കുന്ന ശീതളിമയും ഇങ്ങോട്ടുളള നടത്തം ഹൃദ്യമായൊരനുഭവമാക്കി മാറ്റുന്നു.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ടൗണിൽനിന്ന് പതിനൊന്ന് കിലോ മീറ്റർ ദൂരെയാണ് അരുവിക്കുഴി.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. പാര്‍ത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒരു നല്ല ഉദാഹരണമാണ് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാര്‍ത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്.
ക്ഷേത്രത്തിന്‍റെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ വരച്ച മനോഹരമായ ചിത്രങ്ങളാല്‍ അലങ്കൃതമാണ്. ക്ഷേത്രത്തില്‍ പുറം ചുമരിന്‍റെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കന്‍ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കന്‍ ഗോപുരത്തില്‍ നിന്ന് പമ്പ നദിയിലേക്കിറങ്ങാന്‍ 57 പടികളാണുള്ളത്.
ശബരിമലയിലേക്കുള്ള വഴിയിലാണ് ത്രിവേണി സംഗമം. ഇവിടെ ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പമ്പാനദി വടക്കുവശത്ത് മണിമണലയാറുമായും തെക്കുവശത്ത് അച്ചന്‍കോവിലാറുമായും കൂടിച്ചേരുന്നതിവിടെയാണ്.
സരസ കവിയെന്നും മുല്ലൂർ ആശാനെന്നും വിഖ്യാതനായിരുന്ന മുലൂർ എസ്. പത്മനാഭപണിക്കരുടെ ജന്മ ഗൃഹത്തെയാണ് കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് മുലൂർ സ്‌മാരകമാക്കി നിലനിർത്തുന്നത്.പത്തനംതിട്ട ടൗണിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഇലവുംതിട്ട. സാഹിത്യ സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്നവരെ മാത്രമല്ല ഇന്ന് ഇലവും തിട്ടയിലെ മുലൂർ സ്‌മാരകം ആകർഷിക്കുന്നത്.
കേരളം സന്ദർശിക്കുന്ന ടൂറിസ്റ്റുകളും ഈ പ്രദേശത്തിന്റെ അനുപമ സൗന്ദര്യം ഇന്നു തിരിച്ചറിയുന്നുണ്ട്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കിലോമീറ്ററും തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളത്തിൽ നിന്ന് 108 കിലോമീറ്ററുമാണ് മുലൂർ സ്‌മാരകത്തിലേക്കുള്ള ദൂരം.
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി.പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം.വെച്ചൂച്ചിറയിലെയും സമീപ പഞ്ചായത്തിലെയും ജനങ്ങൾക്ക് ശുദ്ധജലവിതരണത്തിനും ഇത് ജലസ്രോതസ്സായി ഉപയോഗിക്കുന്നു.
പന്തളം രാജവംശത്തിന്റെ വാസസ്ഥലമായ പന്തളം കൊട്ടാരം അച്ചൻകോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. കേരളീയ വാസ്തുശില്പ കലയുടെ ഒരു ഉത്തമ ഉദാഹരണമാണ് ഈ കൊട്ടാരം. പഴയ കൊട്ടാരത്തിന്റെ ഭൂരിഭാഗവും കാലപ്പഴക്കത്താൽ നശിച്ചെങ്കിലും ചുരുക്കം ചില ഭാഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജലസംഭരണിയാണ് കക്കി റിസർവോയർ. കക്കി ഡാമും ആനത്തോട് ഡാമും നിർമ്മിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ടതാണ് തടാകം.ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് 1966 ൽ അണക്കെട്ടുകൾ നിർമ്മിച്ചത്. പശ്ചിമഘട്ടത്തിന് വളരെ അടുത്തായി റാന്നി റിസർവ് വനത്തിലാണ് വിനോദസഞ്ചാര കേന്ദ്രം.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്തുള്ള കവിയൂരിൽ സ്ഥിതിചെയ്യുന്ന കൂറ്റൻ പാറയിൽ കൊത്തിയെടുത്ത പുരാതന ക്ഷേത്രമാണ് കവിയൂർ ഗുഹ ക്ഷേത്രം. പല്ലവ ശൈലിയിലുള്ള വാസ്തുവിദ്യയുമായി സാമ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് പുരാവസ്തു പ്രാധാന്യമുണ്ട്. ഭക്തരെ കൂടാതെ നിരവധി ചരിത്രകാരന്മാരും യാത്രക്കാരും ഈ ശിലാഫലകങ്ങൾ കാണാനായി ഈ ക്ഷേത്രം സന്ദർശിക്കുന്നു.
സംസ്ഥാനത്തിന്റെ ശില്പകലയുടെ ആദ്യകാല മാതൃകകൾ എന്ന നിലയിൽ ഈ ക്ഷേത്രത്തിന് പുരാവസ്തു പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ ശിൽപങ്ങളും കൊത്തുപണികളും നന്നായി സംരക്ഷിച്ചിരിക്കുന്നു. പുരാവസ്തു വകുപ്പ് ഈ ക്ഷേത്രത്തെ ഒരു സ്മാരകമായി സംരക്ഷിക്കുന്നു.തിരുവല്ല റെയിൽവേ സ്റ്റേഷൻ 4 കിലോമീറ്റർ മാത്രം അകലെയാണ്. ഈ ക്ഷേത്രത്തിൽ നിന്ന് 121 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.