തിരുവനന്തപുരം: തിരുവനന്തപുരം നഗരം സന്ദർശിക്കുന്നതിനായി എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്കായി സിറ്റി റൈഡ് എന്ന പേരിൽ കെഎസ്ആർടിസി ആരംഭിക്കുന്ന ഓപ്പണ്‍ ഡെക്ക് ഡബിൾ ഡെക്കർ ബസ് സർവീസിന് തുടക്കം.
കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികൾക്കിടയിൽ പ്രചാരം നേടിയ കെഎസ്ആർടിസി ബജറ്റ് ടൂർസ് ആണ് തിരുവനന്തപുരം നഗരം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് നഗരം ചുറ്റികാണുന്നതിനാണ് ഈ സൗകര്യം ഒരുക്കുന്നത്.
വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പണ്‍ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയന്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവീസ് നടത്തുന്നത്.
നിലവിൽ വൈകുന്നേരം അഞ്ച് മുതൽ 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സർവീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപുടെ ടിക്കറ്റും ലഭ്യമാകും.