പാലക്കാട് ജില്ലയിലെ അധികമാരും കാണാത്തതും അറിയാത്തതുമായ ഒരു മനോഹര സ്ഥലമാണ് വെള്ളരിമേട് അഥവാ അയ്യപ്പൻപാറ. നെല്ലിയാമ്പതി മലനിരകളുടെ തൊട്ടു താഴെ കിടക്കുന്ന പ്രകൃതി സുന്ദരമായ ഈ പ്രദേശം ഒരു ചെറിയ വെള്ളച്ചാട്ടവും കുറച്ചു മനോഹര ദൃശ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. പാലക്കാട് നിന്നും 31 കിലോമീറ്ററും കൊല്ലങ്കോട് നിന്നും 8 കിലോമീറ്ററും മാത്രം അകലെ കിടക്കുന്ന ഈ മനോഹരമായ പ്രദേശം പലർക്കും അറിയില്ല.
കൊല്ലങ്കോടു നിന്നും എലവഞ്ചേരിക്ക് പോകുന്ന വഴിക്ക് കാച്ചാംകുറുശ്ശി അമ്പലത്തിന് തൊട്ടടുത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞാൽ ഇവിടേക്കുള്ള വഴിയായി. പോകുന്ന വഴിയും സുന്ദരമാണ്. കുഞ്ഞനന്തൻ്റെ കട, ഒടിയൻ, സ്നേഹവീട് എന്നീ സിനിമകൾക്ക് പശ്ചാത്തലമായിട്ടുണ്ട് ഇവിടം. ചാത്തൻപാറയെന്നും ഇവിടെ വിശേഷിപ്പിക്കാറുണ്ട്. നെല്ലിയാമ്പതി മലനിരകളിലെ ഗോവിന്ദമലക്ക് തൊട്ടു താഴെയായി കിടക്കുന്ന ഇവിടേക്ക് കാറിലോ ബൈക്കിലോ തടസമില്ലാതെ എത്തിച്ചേരാൻ കഴിയും.
കാട്ടിലൂടെ കുറച്ച് നടന്ന് കയറിയാൽ ഭംഗിയുള്ള വെള്ളച്ചാട്ടത്തിലേക്കും എത്താനാവും. മഴക്കാലത്തിന് ശേഷമുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും ഉത്തമം. ഇവിടെ ഒരു ചെറിയ ചെക്ക്ഡാമും ഉണ്ട്. പുഴയുടെ കുറുകെ ഒരു തൂക്കുപാലവും മലയടിവാരത്ത് അഞ്ചാറ് വീടുകളും കാണാം. ഇവിടെ നിന്നും ഉദ്ഭവിക്കുന്ന തോട് ഗായത്രി പുഴയിൽ ചേരുന്നു. വെള്ളം കുറവുള്ള കാലത്ത് വരികയാണെങ്കിൽ നല്ലൊരു കുളിയൊക്കെ കഴിഞ്ഞ് തിരികെ പോകാം.