സഞ്ചാരികളുടെ ഇടയില്‍ അധികം അറിയപ്പെടാത്ത ഇടമാണ് മലംഗ്. പൂര്‍ത്തിയാകാത്ത ഒരു ആഗ്രഹം പോലെയാണ് മലംഗ്. കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്തോറും കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. സാധാരണ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ബാലി പോലെയല്ല ഈ നാട്. മറ്റ് ഇന്തൊനീഷ്യന്‍ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മലംഗിന് ഇപ്പോഴും ആഭ്യന്തര വിനോദ സഞ്ചാരികളാണ് കൂടുതല്‍. അതിനാല്‍ തന്നെ ബാലി പോലെയുള്ള തിരക്കുപിടിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബഹളങ്ങളില്ലാതെ സ്വസ്ഥമായൊരു അവധിക്കാലം ആസ്വദിക്കാം.
വെള്ളച്ചാട്ടങ്ങളുടെ നാട്
കടല്‍ത്തീരങ്ങളേക്കാള്‍ വെള്ളച്ചാട്ടങ്ങളുടെ വൈവിധ്യം കൊണ്ടാണ് മലംഗ് സുന്ദരമാകുന്നത്. മലംഗിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണവുമായ ഭൂപ്രകൃതിയില്‍ ചിതറിക്കിടക്കുന്ന നിരവധി മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്ക് ഓരോന്നിനും അതിന്റേതായ മനോഹാരിതയും സൗന്ദര്യവുമുണ്ട്. കോബന്‍ പുത്രി, കോബന്‍ തുന്തോ, മടക്കരിപ്പുര എന്നിവയെല്ലാം തന്നെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്.
ബ്രോമോ പര്‍വതത്തില്‍ നിന്ന് സൂര്യോദയം
മലംഗിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ബ്രോമോ പര്‍വ്വതത്തില്‍ നിന്ന് സൂര്യോദയം കാണുക എന്നത്. കിഴക്കന്‍ ജാവയിലെ ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രമാണ് മൗണ്ട് ബ്രോമോ. ബ്രോമോ പര്‍വതത്തിന് മുകളിലുള്ള സൂര്യോദയത്തിന് ഇത് വളരെ പ്രസിദ്ധമാണ്, അതിന് ഒരു കാരണവുമുണ്ട്. സൂര്യന്റെ ആദ്യ കിരണങ്ങള്‍ ചക്രവാളത്തിന് മുകളിലൂടെ കയറുമ്പോള്‍ ബ്രോമോ പര്‍വതത്തില്‍ മൂടല്‍മഞ്ഞ് മൂടുന്നു. ആ മഞ്ഞിന്‍ പാളികള്‍ക്കിടയിലൂടെ സൂര്യകിരണങ്ങള്‍ തെന്നിത്തെറിച്ച് വരുന്ന കാഴ്ച വര്‍ണ്ണനകള്‍ക്ക് അതീതമാണ്.
മലംഗിന്റെ തെക്കന്‍ തീരത്തുള്ള ഈ ചെറിയ ദ്വീപില്‍ ഏറ്റവും ആകര്‍ഷകമായ ബീച്ചുകളും പ്രകൃതി ഒളിപ്പിച്ച അദ്ഭുതങ്ങളും ഉണ്ട്. സെഗാര അനകന്‍ ലഗൂണില്‍ കിലോമീറ്റര്‍ നീളമുള്ള വലിയൊരു തടാകം സ്ഥിതി ചെയ്യുന്നു. സമൃദ്ധമായ കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ തടാകം ശക്തമായ പ്രവാഹങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഈ ദ്വീപിന് ചുറ്റുമാണ് മലംഗിലെ ഏറ്റവും മനോഹരമായ ബീച്ചുകള്‍. ഒരു കടല്‍ത്തീരത്ത് നിന്ന് മറ്റൊന്നിലേക്ക് വളരെ എളുപ്പത്തില്‍ പോകാം. അതിമനോഹരമായ കടല്‍ ക്ഷേത്രമുള്ള ബാലെകാംബാംഗ് ബീച്ച്, അതിശയകരമായ ചെറിയ ദ്വീപുകളുടെ രൂപവത്കരണമുള്ള ഗോവ സിന ബീച്ച്, മൂന്ന് നിറങ്ങളിലുള്ള കടല്‍ത്തീരമായ പന്തായ് ടിഗ വാര്‍ണ എന്നിവയാണ് പ്രശസ്തമായ മലംഗ് കടല്‍ത്തീരങ്ങള്‍.ജക്കാര്‍ത്ത, സുരബായ, ബാലിക്പന്‍ അല്ലെങ്കില്‍ ബാലി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന വിമാനത്താവളങ്ങള്‍ വഴി നിങ്ങള്‍ക്ക് മലംഗിലേക്ക് പോകാം.
സുഗന്ധ ദ്വീപുകള്‍
മാലുക്കു ഉതാര അഥവാ ഉത്തര മാലുക്കു ഇന്തൊനീഷ്യയുടെ സ്‌പൈസ് ദ്വീപുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രാമ്പൂ മരങ്ങള്‍ നിറഞ്ഞ ദ്വീപ് സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായിരുന്നു. ഡച്ച്, പോര്‍ച്ചുഗീസ്, സ്പാനിഷ് അധിനിവേശ ശക്തികളും ടെര്‍നേറ്റിലെയും ടിഡോറിലെയും സുല്‍ത്താന്‍മാരും ഈ ദ്വീപുകളുടെ അവകാശത്തിനായി പരസ്പരം പോരാടിയിരുന്നു. ഈ ദ്വീപുസമൂഹത്തിന്റെ അനൗദ്യോഗിക തലസ്ഥാനമായ ടെര്‍നേറ്റ് ദ്വീപിലാണ് ഏറ്റവുമധികം ജനവാസമുള്ളത്. ഇവിടുത്തെ സുല്‍ത്താന്റെ കൊട്ടാരത്തിലേക്കുള്ള രാജകീയ യാത്രയാണ് സഞ്ചാരികള്‍ അനുഭവിച്ചറിയേണ്ട കൗതുകം.