വിശ്വാസവും, അറിവും, കൗതുകവും ഇടകലര്‍ന്ന രാമായണത്തിന്റെ ശ്രീലങ്കന്‍ ശേഷിപ്പുകള്‍. ഐതിഹ്യവും യഥാര്‍ഥ്യവും തമ്മിലുള്ള വേര്‍തിരിവ് നഷ്ടപ്പെടും നമുക്ക് ശ്രീലങ്കയില്‍ എത്തിയാല്‍. രാമ-രാവണ യുദ്ധത്തിന്റെ മാറ്റൊലികളും സീതയുടെ ദുഖവും ഹനുമാന്റെ ഭക്തിയും ശ്രീലങ്ക തന്റെ ഭൂപ്രകൃതിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു. എല്ലാം പഴയതു പോലെ ആകുമ്പോള്‍, പുറത്തേയ്ക്കുള്ള വാതിലുകള്‍ ഭയമില്ലാതെ തുറക്കാം എന്നാകുമ്പോള്‍ ഒന്നു പോകണം ശ്രീലങ്കയില്‍.
റുമസ്സല
യുദ്ധസമയത്ത് മുറിവേറ്റ ലക്ഷ്മണനെ രക്ഷിക്കുവാന്‍ മൃതസഞ്ജീവനി തേടിയിറങ്ങിയ ഹനുമാന്റെ കഥ നമ്മള്‍ക്കറിയാമ്മല്ലോ. ആയിരകണക്കിന് ചെടികള്‍ക്കിടയില്‍ നിന്നും മൃതസഞ്ജീവനി തിരിച്ചറിയാന്‍ കഴിയാതെ ഹനുമാന്‍ ആ പര്‍വ്വതം ഒന്നാകെ ഉയര്‍ത്തി രാമന്റെ മുന്‍പില്‍ എത്തിച്ചു എന്നാണ് ഐതിഹ്യം. ലങ്കയിലേക്ക് തിരിച്ചു പറക്കുന്നതിനിടയില്‍ ഹനുമാന്റെ കൈയ്യില്‍ ഉള്ള പര്‍വ്വതം ചെറുതായി ഒന്നിളകി, തുടര്‍ന്നു പര്‍വ്വതത്തില്‍ നിന്നും ചെറിയ ഭാഗങ്ങള്‍ പലയിടത്തായി വീണത്രേ. ഇതില്‍ തെക്കേ അറ്റത്ത് വീണ ചെറു കഷ്ണമാണത്രേ ഇന്ന് നാം കാണുന്ന റുമസ്സല പര്‍വ്വതം. ഇപ്പോഴും റുമസ്സല അമൂല്യമായ ഒരുപാട് ഔഷധസസ്യങ്ങളുടെ കലവറയാണ്. അവിടെ നിന്നും പിഴുതെടുത്ത ഒരു ചെടി മറ്റ് സ്ഥലങ്ങളില്‍ നട്ടുപിടിപ്പിക്കുക അസാധ്യമത്രെ. എവിടെയോ നിന്നും അടര്‍ന്ന് വീണ ഒരു കഷ്ണം പോലെ റുമസ്സല പര്‍വ്വതം ചുറ്റുമുള്ള പരിസ്ഥിതിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു.
സീത അമ്മന്‍ ക്ഷേത്രം
ശ്രീലങ്കയിലെ നൂവ്‌റ എലിയ എന്ന പട്ടണത്തിലാണ് പ്രശസ്തമായ സീത അമ്മന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന്‍ സീതയെ തടവില്‍ പാര്‍പ്പിച്ചത് ഇവിടെ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അമ്പലത്തിനടുത്തുള്ള പുഴയ്ക്കരികിലായി കാണപ്പെടുന്ന പാറയില്‍ ഹനുമാന്റേതെന്ന് കരുതപ്പെടുന്ന കാല്‍പാടുകളും കാണാന്‍ കഴിയും.
രാമസേതു
ലങ്കയില്‍ എത്തുന്നതിനായി ശ്രീരാമന്‍ വാനരസൈന്യത്തോടുചേര്‍ന്ന് നിര്‍മ്മിച്ച പാലമാണ് രാമസേതു. രമേശ്വരത്തിനടുത്തുള്ള പാമ്പന്‍ ദ്വീപും ശ്രീലങ്കയിലെ മന്നാര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. മന്നാര്‍ ദ്വീപില്‍ ഇന്നും ഇതിന്റെ ശേഷിപ്പുകള്‍ കാണാന്‍ കഴിയും.
എല്ല
വന്യത കൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന സ്ഥലമാണ് ശ്രീലങ്കയുടെ തെക്കേ അറ്റത്തുള്ള എല്ല. വെള്ളച്ചാട്ടങ്ങളും വനവും ഒക്കെയായി എല്ല നമ്മെ ഒരുപാട് കാലം പുറകിലേയ്ക്ക് കൊണ്ടുപോകും. ഇവിടെയാണ് രാവണ ഗുഹ സ്ഥിതി ചെയ്യുന്നത്. ഈ ഗുഹ ഭൂഗര്‍ഭത്തിലുള്ള തുരങ്കത്തിലേക്കാണ് നയിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ തുരങ്കമാകട്ടെ , പണ്ട് രാവണന്റെ കൊട്ടാരത്തിലേക്കെത്താനുള്ള രഹസ്യ മാര്‍ഗം ആയിരുന്നത്രെ.
റാംബോഡയിലെ ഹനുമാന്‍ ക്ഷേത്രം
ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രമാണ് ഇത്. സീതയെ തേടിയുള്ള തന്റെ യാത്രയില്‍ ഹനുമാന്‍ വിശ്രമിച്ചത് ഇവിടെയാണെന്നാണ് സങ്കല്‍പ്പം. ദിവ് രംബോലനൂവ്‌റ എലിയയില്‍ നിന്നും 18 കിലോമീറ്റര്‍ അപ്പുറമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സീത ദേവി ഇവിടെ വെച്ചാണ് അഗ്‌നിപരീക്ഷക്ക് വിധേയായത് എന്നാണ് വിശ്വാസം. പ്രശസ്തമായ ബുദ്ധക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.