വലിയ കെട്ടിടങ്ങളിൽ നിരവധി കമ്മ്യൂണിറ്റികൾ ഒരുമിച്ച് താമസിക്കുന്നത് ഇന്ന് ഈ ലോകത്ത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ ഒരു പട്ടണം മുഴുവൻ ഒരു കെട്ടിടത്തിന് കീഴിൽ താമസിക്കുന്നതിന് പറ്റി ചിന്തിച്ച് നോക്കു.. അതെ വിറ്റിയർ നഗരം അങ്ങനെയാണ്.. ഇവിടെയെത്തിയാൽ ഒരുപക്ഷെ നിങ്ങളുടെ കണ്ണിൽ ആദ്യം പതിയുന്നത് ഇവിടുത്തെ പ്രകൃതിഭംഗിയോ മറ്റു സവിഷേതകളോ ആകില്ല.. പകരം അവിടെയുള്ള ഒരു കെട്ടിടമാകാം. വീടുകളും പോലീസ് സ്റ്റേഷനും പോസ്റ്റ് ഓഫീസും കടകളും തുടങ്ങി സ്‌കൂൾ വരെ ഒറ്റകെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം. കെട്ടിടത്തിനുള്ളിൽ തന്നെ ഒരു മെഡിക്കൽ ക്ലിനിക്കും ഏറ്റവും താഴത്തെ നിലയിൽ ഒരു ആരാധനാലയവുമുണ്ട്. അതെ, അമേരിക്കയിലെ നിരവധി സവിശേഷതകളുള്ള അലാസ്കയിലെ ഈ ചെറുപട്ടണത്തിന് പറയാനുള്ളത് വ്യത്യസ്തമായ കഥ തന്നെയാണ്.
മുൻപ് സായുധസേനാ ബാരക്കായിരുന്ന ‘ബെഗിച് ടവർ’ എന്ന് പേരുള്ള 14 നില കെട്ടിടത്തിലാണ് വിറ്റിയർ നിവാസികൾ താമസിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു ഈ നഗരത്തിന്‍റെ വളർച്ച. ആദ്യം സൈനിക താവളമായിരുന്ന ഇവിടെ പിന്നീട് ജനങ്ങൾ താമസിക്കാൻ തുടങ്ങി. നിറയെ ആളുകൾ താമസിച്ചിരുന്ന ഈ നഗരം 1964 ലെ ഭൂകമ്പത്തോടെയാണ് മാറിത്തുടങ്ങുന്നത്. ഭൂകമ്പം വരുത്തിവെച്ച നാശനഷ്ടത്തിൽ ഇവിടം തകർന്നു എന്ന് വേണം പറയാൻ. ഇതോടെ ഈ പട്ടണം ഉപേക്ഷിച്ച് മറ്റു നഗരങ്ങളിലേക്ക് ആളുകൾ കുടിയേറി പാർക്കാൻ തുടങ്ങി. കുറച്ച് പേർ മാത്രം അവശേഷിച്ച സാമ്പത്തികമായി തകർന്ന ഈ പട്ടണത്തിലെ നിവാസികൾ ചെലവ് കുറച്ച് ജീവിക്കാൻ ബെഗിച് ടവറിലേക്ക് താമസം മാറ്റി എന്നാണ് ഈ നഗരത്തെ കുറിച്ചുള്ള ചരിത്രം.
ഈ പട്ടണത്തിൽ ഇന്ന് ആകെ 300 കുടുംബങ്ങളാണ് ഉള്ളത്. അതിൽ തന്നെ 85 ശതമാനം പേരും ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്നവരാണ്. ഒന്നാലോചിച്ച് നോക്കു എന്താവശ്യത്തിനും ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതി. സ്‌കൂളിൽ എത്താൻ ഒരു ഇടനാഴിയുടെ ദൂരമേ കാണുകയുള്ളു. കോണിപ്പടികളുടെ ദൂരം മാത്രം ബാക്കിവ്വെക്കുന്ന ആവശ്യങ്ങളെ ഇവിടുത്തുകാർക്കുള്ളു. മൊബൈലിൽ കൂട്ടുകാരുമായുള്ള സൗഹൃദം നിലനിർത്തുന്ന നമുക്ക് ഒരു കൂരയ്ക്ക് കീഴിൽ നമുക്ക് ഒപ്പം താമസിക്കുന്ന സൗഹൃദങ്ങൾ അത്ഭുതം തന്നെയാണ്. വിളിപ്പാടകലെയുള്ള കൂട്ടുകാരുമായി മിക്ക സമയവും ചെലവഴിക്കുന്നവരാണ് ഇവിടുത്തെ കുട്ടികൾ. കെട്ടിടത്തിന്‍റെ ബേസ്മെന്‍റും ലോബിയും ഇവരുടെ ഇഷ്ട കളിയിടങ്ങളാണ്. ഹിമപരപ്പുകളിൽ ഹൈക്കിങ്ങിനും സ്കീയിങ്ങിനുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഇവിടെയുള്ളവർ. നീല നിറത്തിലുള്ള ലോഗോയുള്ള ലോകത്തിലെ ഏക മക്ഡൊണാൾഡ്‌സ് കടയും ഇവിടെയാണ്.
ഇവിടുത്തുകാരെല്ലാം ബെഗിച് ടവറിൽ ഒരുമിച്ച് താമസിക്കുന്നതിന് മറ്റൊരു കാരണവും പറയപ്പെടുന്നുണ്ട്. അതിശൈത്യം അനുഭവപ്പെടുന്ന ഇടമാണ് വിറ്റിയർ. പ്രത്യേകം ഹീറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള സാമ്പത്തിക ശേഷി ഇവിടെ പലർക്കുമില്ല. അതുകൊണ്ടാണ് ഇവിടെയുള്ള ഒരു കെട്ടിടത്തിന് കീഴിൽ കഴിയുന്നത് എന്നും പറയപ്പെടുന്നു. ഇവിടേക്ക് എത്തിപ്പെടുക എന്നത് അത്ര എളുപ്പമല്ല. ബോട്ട് മാർഗമോ അല്ലെങ്കിൽ നാല് കിലോമീറ്റർ ദൈർഘ്യമുള്ള വൺ വേ ടണലിലൂടെയോ മാത്രമേ ഇവിടേക്ക് എത്തിപെടാൻ സാധിക്കുകയുള്ളു. ഏഴു മണി മുതൽ 10 മണി വരെയാണ് ടണൽ മാർഗ്ഗമുള്ള ഗതാഗതം. പട്ടണത്തിന് പുറത്തേക്ക് പോകേണ്ടവർ ടണൽ സർവീസിന്‍റെ സമയം അനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്യണം.