കശ്മീര്‍ യാത്ര സ്വപ്‌നം കാണുന്നവര്‍ക്കായി ഗംഭീര അവസരം നല്‍കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍(IRCTC). ‘ജന്നത് ഇ കശ്മീര്‍’ എന്നു പേരിട്ട ആറ് ദിവസം നീണ്ട കശ്മീര്‍ ടൂര്‍ പാക്കേജില്‍ ഭക്ഷണവും താമസവും വിമാന ടിക്കറ്റും അടക്കമുള്ള ചെലവുകളും ഉള്‍പ്പെടും. ജന്നത് ഇ കശ്മീര്‍ എന്ന പേരിലുള്ള കശ്മീര്‍ ടൂര്‍ പാക്കേജ് ഐ.ആര്‍.സി.ടി.സി ഏപ്രില്‍ ഒമ്പത് മുതലാണ് ആരംഭിക്കുക. ഏപ്രില്‍ ഒമ്പതിന് തുടങ്ങി യാത്ര ഏപ്രില്‍ 14ന് വൈകീട്ട് അവസാനിക്കും. കശ്മീരിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിന്റെ ചെലവടക്കമാണ് ഐ.ആര്‍.സി.ടി.സി പാക്കേജ്.
കശ്മീര്‍ യാത്രക്കിടെ നാലു ദിവസം താമസം ഹോട്ടലിലായിരിക്കും. ശ്രീനഗറില്‍ ഹൗസ് ബോട്ടിലായിരിക്കും ഒരു രാത്രിയിലെ താമസം. യാത്രികര്‍ക്കുള്ള പാക്കേജിന്റെ ഭാഗമായ സൗകര്യങ്ങളില്‍ നോണ്‍ എസി വാഹനത്തില്‍ സ്ഥലങ്ങള്‍ കാണാനായി പോകാനും സാധിക്കും.സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഗല്‍ഗാം, ദാല്‍ തടാകം എന്നിങ്ങനെ പ്രസിദ്ധമായ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാം. ഏതു വിഭാഗത്തിലുള്ള പാക്കേജാണ് തിരഞ്ഞെടുക്കുന്നത് എന്നതിനനുസരിച്ച് 41,300 രൂപ മുതല്‍ 61,000 രൂപ വരെ ടിക്കറ്റ് നിരക്കുകള്‍ വ്യത്യാസപ്പെടും. ഇന്‍ഡിഗോ എയറിന്റെ ഇക്കോണമി ക്ലാസിലെ ടിക്കറ്റായിരിക്കും വിമാന യാത്രക്കായി നല്‍കുക. ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ നിന്നാണ് ശ്രീനഗറിലേക്കുള്ള വിമാനം പുറപ്പെടുക. ഇന്‍ഡോര്‍- ശ്രീനഗര്‍- ഗുല്‍മാര്‍ഗ്- പഹല്‍ഗാം- സോന്‍മാര്‍ഗ്- ഇന്‍ഡോര്‍ എന്നിങ്ങനെയാവും യാത്ര പുരോഗമിക്കുക.
ഒരാള്‍ മാത്രമായി സഞ്ചരിക്കുമ്പോള്‍ ചെലവ് കൂടും. ഒരാളുടെ ടിക്കറ്റിന് 60,100 രൂപയാണ് വരിക. എന്നാല്‍ രണ്ടു പേര്‍ കൂടിയാണ് ടിക്കറ്റെടുക്കുന്നതെങ്കില്‍ ഒരാളുടെ ടിക്കറ്റ് നിരക്ക് 44,900 രൂപ വരെ കുറയും. മൂന്നു പേര്‍ക്കാണ് ടിക്കറ്റെങ്കില്‍ ഒരാളുടെ ടിക്കറ്റ് നിരക്ക് 44,000 രൂപ വരെയായി കുറയുകയും ചെയ്യും. കിടക്ക ആവശ്യമുള്ള കുട്ടികള്‍ക്കുള്ള ടിക്കറ്റിന്(അഞ്ചു വയസു മുതല്‍ 11 വയസുവരെ) 41,300 രൂപയാണ് ഈടാക്കുകയെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിക്കുന്നു. കിടക്ക ആവശ്യമില്ലെങ്കില്‍ കുട്ടികളുടെ ടിക്കറ്റ് നിരക്ക് 37,900 രൂപയായി കുറയും.