ചെറായി ബീച്ച് ഭാഗത്തുള്ള പൊയിലില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയുള്ള ബോട്ടിംഗ് അപകടഭീഷണി ഉയര്‍ത്തുന്നു. ഇക്കാര്യത്തില്‍ പഞ്ചായത്തോ, ഡിടിപിസിയോ, പോലീസോ യാതൊരുവിധ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
സാമാന്യം ആഴം കൂടുതലുള്ള പൊയിലാണിത്. ഇവിടെ ഫൈബര്‍ നിര്‍മിതമായ ഫിഡില്‍ ബോട്ടുകളിലും പ്രത്യേക ഇരിപ്പിടമൊരുക്കിയുള്ള പരമ്പരാഗത രീതിയിലുള്ള തടിവള്ളങ്ങളിലും സന്ദര്‍ശകരെ കയറ്റി പൊയിലില്‍ കറങ്ങുക പതിവാണ്. ചില ബോട്ടുകളില്‍ ലൈഫ് ജാക്കറ്റുകള്‍ ഉണ്ടെങ്കിലും പലരും ധരിക്കാറില്ല. ലൈഫ് ജാക്കറ്റുകള്‍ ഇല്ലാത്ത ബോട്ടുകളുമുണ്ട്.
പള്ളിപ്പുറം പഞ്ചായത്ത് ലേലത്തിലൂടെയാണ് വിനോദത്തിനായുള്ള ഇത്തരം സംരംഭങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ലേലക്കരാറില് നിബന്ധന ഉണ്ടെങ്കിലും ഇതു പാലിക്കുന്നുണ്ടോ എന്ന് അധികൃതര്‍ ശ്രദ്ധിക്കാറില്ലെന്നും ആക്ഷേപമുണ്ട്.