കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇ-വിസ സൗകര്യം ഏർപ്പെടുത്തുന്നു. ഇതിനുള്ള ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് (ഐസിപി) പട്ടികയിൽ കണ്ണൂരിനെയും ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
ഇ-വിസയിൽ എത്തുന്നവർക്കായി കണ്ണൂർ വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ രണ്ടുവർഷം മുമ്പ് തന്നെ പ്രത്യേക കൗണ്ടർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എമിഗ്രേഷൻ വിഭാഗം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ബാക്കിയുള്ള നടപടികൾ പൂർത്തിയാകുകയും ചെയ്താൽ ഇ-വിസ വഴി കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാർക്ക് എത്താൻ കഴിയും.
വിദേശ പൗരൻമാർക്കും വിനോദസഞ്ചാരികൾക്കും നിശ്ചിത കാലയളവ് ഇ-വിസ സൗകര്യം ഉപയോഗിച്ച് രാജ്യത്ത് താമസിക്കാനാകും. 156 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇ-വിസ ഉപയോഗിച്ച് ഇന്ത്യയിൽ എത്തിച്ചേരാം.