പര്‍വതാരോഹകരുടെ പ്രിയപ്പെട്ട കൊടുമുടിയാണു ലോകത്തിന്റെ നെറുകയായ എവറസ്റ്റ്. ഓരോ വര്‍ഷവും നിരവധി പര്‍വതാരോഹകരാണു എവറസ്റ്റിലെത്തുന്നത്. അടുത്തിടെ സൂഷ്മാണുക്കളുമായി ബന്ധപ്പെട്ട് എവറസ്റ്റില്‍ പഠനങ്ങള്‍ നടന്നു. അമ്പരപ്പിക്കുന്ന വിവരങ്ങളാണു പഠനത്തില്‍ പുറത്തു വന്നത്. ലോകമെങ്ങുമുള്ള രോഗാണുക്കള്‍ ഉറങ്ങിക്കിടക്കുന്ന പ്രദേശമാണത്രെ എവറസ്റ്റ്..! ഇതുസംബന്ധിച്ച ലേഖനങ്ങള്‍ ആര്‍ട്ടിക്, അന്റാര്‍ട്ടിക്, ആല്‍പൈന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എവറസ്റ്റിലെത്തുന്ന സാഹസികര്‍ തുപ്പുകയോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ചെയ്യുന്പോള്‍ പുറന്തള്ളുന്ന രോഗാണുക്കള്‍ മഞ്ഞില്‍ തണുത്തുറഞ്ഞു നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്. ഉയര്‍ന്ന പ്രദേശങ്ങളിലെ പ്രതികൂലവും അതികഠിനവുമായ സാഹചര്യങ്ങളെ ചെറുക്കാനും അതിജീവിക്കാനും രോഗാണുക്കള്‍ക്കു കഴിയും. നൂറ്റാണ്ടുകളോളം പ്രതലത്തില്‍ ഉറങ്ങിക്കിടക്കാനും സൂഷ്മാണുക്കള്‍ക്കു കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു.
എവറസ്റ്റിലെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിച്ചെടുത്ത ബാക്ടീരിയകളെയും ഫംഗസുകളെയുമാണു ഗവേഷകര്‍ പഠനവിധേയമാക്കിയത്. അവയില്‍ ഭൂരിഭാഗവും നിഷ്‌ക്രിയമായ അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങളില്‍ എത്തുന്ന രോഗാണുക്കള്‍ എങ്ങനെ സജീവമായി നിലകൊള്ളുന്നു എന്നതിനെക്കുറിച്ചും പഠനം വിശദമാക്കുന്നുണ്ട്. പര്‍വതാരോഹണത്തിനെത്തിയവര്‍ അവശേഷിപ്പിച്ച സൂക്ഷ്മാണുക്കള്‍ എവറസ്റ്റിന്റെ അതിരൂക്ഷമായ കാലവാസ്ഥയുമായി ഇണങ്ങിച്ചേരാനുള്ള കഴിവു വികസിപ്പിച്ച് അതിജീവനത്തിനുള്ള ശേഷി നേടുകയായിരുന്നെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ചില രോഗാണുക്കള്‍ പരിണാമം പ്രാപിച്ചതായും ഗവേഷസംഘം കണ്ടെത്തി. അതേസമയം, എവറസ്റ്റില്‍ അടിഞ്ഞുകൂടുന്ന രോഗാണുക്കള്‍ പരിസ്ഥിതിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നു കരുതുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ജീന്‍ സീക്വന്‍സിങ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എവറസ്റ്റില്‍നിന്നു ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഗവേഷകര്‍ നിഗമനങ്ങളിലെത്തിയത്.