എവറസ്റ്റില്‍ മരണത്തെ മുഖാമുഖം കണ്ട മലകയറ്റക്കാരനു രക്ഷകനായി നേപ്പാളി ഗൈഡ് ഗില്‍ജെ ഷെര്‍പ്പ. മരണത്തിന്റെ മേഖല എന്ന സ്ഥലത്തു കുടുങ്ങിപ്പോയ മലേഷ്യക്കാരനെ ഗില്‍ജെ ഷെര്‍പ്പ തോളില്‍ ചുമന്നു രക്ഷപ്പെടുത്തുകയായിരുന്നു.
ചൈനീസ് മലകയറ്റക്കാരന്റെ ഗൈഡ് ആയിരുന്നു ഗില്‍ജെ ജെര്‍പ്പ, മേയ് 18നാണ് ഡെത്ത് സോണ്‍ മേഖലയില്‍വച്ച് മലേഷ്യക്കാരനെ കണ്ടെത്തിയത്. ഇദ്ദേഹം ഇവിടെ കുടുങ്ങിയത് എങ്ങനയാണെന്നതില്‍ വ്യക്തതയില്ല.
അവശേഷിക്കുന്ന ജിവനുമായി തണുത്തുവിറച്ച് ഒരു വടത്തില്‍ മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു മലേഷ്യക്കാരന്‍. ഓക്‌സിജന്റെ അഭാവവും മൈനസ് 30 ഡിഗ്രി വരെ തണുപ്പുമുള്ള ഈ മേഖലയില്‍വച്ചാണ് എവറസ്റ്റിലെ മരണങ്ങളെല്ലാം സംഭവിച്ചിട്ടുള്ളത്.
ചൈനീസ് മലകയറ്റക്കാനോടു തിരിച്ചിറങ്ങാന്‍ നിര്‍ദേശിച്ച ഗിര്‍ജെ ഷെര്‍പ്പ, മലേഷ്യക്കാരനെ ആറു മണിക്കൂര്‍ തോളില്‍ച്ചുമന്ന് മറ്റു ഗൈഡുകളുടെ അടുത്തെത്തിച്ചു. തുടര്‍ന്ന് സ്ലീപ്പിംഗ് മാറ്റ് ഉപയോഗിച്ച് ഇയാളെ പൊതിഞ്ഞു ചുമന്നും മഞ്ഞിലൂടെ വലിച്ചും ക്യാന്പ് ത്രീയില്‍ എത്തിച്ചു. ഇവിടെനിന്നു ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യം വീണ്ടെടുത്ത് മലേഷ്യക്കു തിരിച്ചുപോയ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എവറസ്റ്റില്‍ ഇത്രയും ഉയരത്തില്‍ രക്ഷാപ്രവര്‍ത്തനം അപൂര്‍വമാണെന്നു പറയപ്പെടുന്നു. ഈ വര്‍ഷത്തെ സീസണില്‍ എവറസ്റ്റിനു മുകളില്‍ 12 പേര്‍ മരിച്ചിട്ടുണ്ട്.