കാശിയില്‍ പാതിയയെന്നു വിഖ്യാതമായ കല്പാത്തിയില് അഗ്രഹാര വീഥികളെ ഭക്തിലഹരിയിലാക്കി ദേവരഥ പ്രയാണത്തിനു തുടക്കം. രണ്ടുവര്‍ഷക്കാലം കോവിഡ് നിയന്ത്രണത്തില്‍ ചടങ്ങുകളില്‍ മാത്രം ഒതുങ്ങിയ രഥോത്സവം ഇത്തവണ പഴമയിലേക്ക് തിരിച്ചുവന്നതോടെ അതിഗംഭീരമാക്കുന്നതിനാണ് അഗ്രഹാരവാസികള്‍ ഒരുങ്ങിയിരിക്കുന്നത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ വേദ പാരായണങ്ങള്‍ക്കും കല്യാണ ഉത്സവത്തിനും ശേഷമായിരുന്നു ആചാരപരമായ ചടങ്ങുകളോടെ രഥപ്രയാണത്തിനു തുടക്കമായത്. വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള മൂന്നു രഥങ്ങളാണ് അഗ്രഹാരത്തില്‍ പ്രയാണം നടത്തുക. ദേവന്‍മാര്‍ ക്ഷേമം തിരക്കി പ്രജകളുടെ അടുത്തേയ്ക്ക് വരുന്നുവെന്നാണ് വിശ്വാസം.
ഇന്ന് മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നുള്ള രഥവും മൂന്നാം നാള്‍ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലെയും പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെയും രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രദക്ഷിണം നടത്തും. നാളെ വൈകുന്നേരമാണ് ആറു രഥങ്ങള്‍ ഒരുമിക്കുന്ന ദേവരഥ സംഗമം. കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ഇത്തവണ നടക്കുന്ന രഥോത്സവം കാണാന്‍ ജില്ലക്കകത്തും പുറത്തു നിന്നുമായി ആയിരകണക്കിന് വിശ്വാസികളാണ് കല്‍പാത്തിയിലെത്തുക.
തിരക്കിനോടാനുബന്ധിച്ച് അനിഷ്ട സംഭവങ്ങളും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി പോലീസ് സുരക്ഷയും വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബോംബ് സ്വകാഡ്, ഡോഗ് സ്വകാഡ് എന്നിവരടങ്ങുന്ന സംഘം കല്പാത്തിക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. ഇത്തവണ ചാത്തപുരം പ്രസന്ന ലക്ഷ്മി മഹാഗണപതി ക്ഷേത്രത്തിലെ രഥം വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കി നിര്‍മിച്ചതാണ്. അന്പത് ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച പുതിയ രഥത്തിന്റെ പ്രയാണവും ഇത്തവണത്തെ രഥോത്സവത്തിന് മികവുറ്റതാക്കും.