മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഈ മാസം കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ തുടങ്ങും. അബുദാബിയിലേക്ക് ഇന്നു മുതൽ ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തും. ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ്. ഉച്ചയ്ക്ക് 1.35 ന് കണ്ണൂരിൽനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 4.05 ന് അബുദാബിയിലെത്തും. എയർഇന്ത്യ എക്സ്പ്രസ് 24 മുതൽ എല്ലാ വെള്ളിയാഴ്ചയും മസ്കറ്റിലേക്ക് സർവീസ് നടത്തും.
തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ നിലവിൽ നടത്തുന്ന സർവീസിന് പുറമെയാണിത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഗോ ഫസ്റ്റും (ഗോ എയർ) മസ്കറ്റിലേക്ക് സർവീസ് നടത്തുന്നുണ്ട്. ബംഗളൂരുവിലേക്ക് ഇൻഡിഗോയുടെ അധിക സർവീസ് ഇന്നു മുതൽ തുടങ്ങും. 150 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന എയർബസ് എ 320 വിമാനമാണ് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുക.
ബംഗളൂരുവിലേക്ക് നിലവിൽ ഇൻഡിഗോ പ്രതിദിന സർവീസ് നടത്തുന്നുണ്ട്. 80 പേർക്ക് യാത്രചെയ്യാവുന്ന എടിആർ-72 വിമാനമാണ് സർവീസിന് ഉപയോഗിച്ചുവരുന്നത്. ഇതോടെ കണ്ണൂർ- ബംഗളൂരു സെക്ടറിൽ ആഴ്ചയിൽ 13 സർവീസുകളാകും. ഏപ്രിലിലെ കണക്ക് പുറത്തുവന്നപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. 34,925 പേരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. മാർച്ചിൽ 31,668 ആഭ്യന്തര യാത്രക്കാരായിരുന്നു.
അതേസമയം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ മാർച്ച് മാസത്തേക്കാൾ 11,722 യാത്രക്കാരുടെ കുറവാണുണ്ടായത്. 52,409 പേരാണ് ഏപ്രിലിൽ കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്തത്. വന്ദേഭാരത്, എയർബബിൾ ക്രമീകരണത്തിൽനിന്ന് വേനൽക്കാല ഷെഡ്യൂളിലേക്ക് മാറിയപ്പോൾ സർവീസുകൾ കുറഞ്ഞതാണ് യാത്രക്കാർ കുറയാനിടയാക്കിയത്. സർവീസുകൾ വർധിപ്പിക്കുന്നതിനായി കിയാൽ അധികൃതർ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയിരുന്നു.