ഭൂമിശാസ്ത്രപരമായ പരിമിതികളും ക്ലേശങ്ങളും താണ്ടി പ്രതിവർഷം പതിനായിരക്കണക്കിന് ഭക്തരെത്തുന്ന ഭാരതത്തിലെ പുണ്യഭൂമിയാണ് കേദാർനാഥ്. ഹിമാലയസാനുക്കളിൽ സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിലേക്ക് എത്തുകയെന്നത് ഒരു സാഹസിക യാത്ര കൂടിയാണ്. ക്ലേശകരമായ കാൽനട യാത്രയ്‌ക്ക് ഒടുവിലാണ് സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ അധികം ഉയരത്തിലുള്ള ഈ ക്ഷേത്രത്തിലേക്ക് എത്തുക. ഗൗരികുണ്ഡിൽ നിന്നും ഒരു ദിവസം നീണ്ട പ്രയാസമേറിയ കാൽനട യാത്ര ഇനി അധികം നാൾ വേണ്ടി വരില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ ഇവിടെയൊരുങ്ങുകയാണ്.
സമുദ്രനിരപ്പിൽ നിന്ന് 11,500 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേയാണ് ഉത്തരാഖണ്ഡിൽ ഒരുങ്ങുന്നത്. രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ക്ഷേത്രത്തിലെത്താൻ തീർത്ഥാടകരെ സഹായിക്കുന്നതിനായാണ് 11.5 കിലോമീറ്റർ നീളമുള്ള റോപ്പ് വേ നിലവിൽ വരിക. സാധാരണയായി ഗൗരികുണ്ഡിൽ നിന്ന് 16 കിലോമീറ്റർ കാൽനടയാത്ര ചെയ്താൽ മാത്രമേ തീർത്ഥാടകർക്ക് ക്ഷേത്രത്തിൽ എത്താനാകൂ. ഇതിനായി ഒരു ദിവസം മുഴുവൻ എടുക്കും, അതേസമയം റോപ്പ് വേ വന്നാൽ സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്ക് 60 മിനിറ്റിനുള്ളിൽ എത്താം.
ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്ക് റോപ്പ്‌വേ നിർമ്മിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ ആരംഭ പോയിന്റ് സോൻപ്രയാഗിലേക്ക് മാറ്റാൻ തീരുമാനിച്ചത് പിന്നീടാണ്. അതേസമയം ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റോപ്പ് വേ ആയി ഇതിന് മുമ്പ് പരിഗണിച്ചിരുന്നത് ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമിച്ച റോപ്പ് വേയാണ്. നദിയുടെ വടക്കും തെക്കും കരകളെ ബന്ധിപ്പിക്കുന്നതാണ് ഈ റോപ്പ് വേ. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ ഇതായിരുന്നു. കേദർനാഥ് റോപ്പ് വേ യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ റോപ്പ് വേയാണ് ഇന്ത്യയിൽ തയ്യാറാകുന്നത്.