കെഎസ്ആര്‍ടിസി എന്ന ചുരുക്കപ്പേരിനെച്ചൊല്ലി ട്രേഡ്മാര്‍ക്ക് രജിസ്ട്രാര്‍ ഓഫ് ഇന്ത്യ മുമ്പാകെ ഏഴു വര്‍ഷത്തോളം പരസ്പരം പോരടിച്ചതാണു കേരളത്തിലേയും കര്‍ണാടകത്തിലേയും ആര്‍ടിസികള്‍. ചരിത്രപരമായി ഈ ചുരുക്കപ്പേര് ആദ്യം ഉപയോഗിച്ചതു കേരളമാണെന്നു തെളിയിക്കാനായതോടെ പേരിലുള്ള അവകാശം കേരളത്തിനാണെന്ന വിധി വന്നു. കര്ണാടകക്കാര് പേരു മാറ്റണമെന്ന് കേരളം വാശിപിടിക്കാത്തതുകൊണ്ടുമാത്രം ഇപ്പോഴും കെഎസ്ആര്‍ടിസിയെന്നും കര്‍ണാടക ആര്ടിസിയെന്നുമൊക്കെ മാറിമാറി ഉപയോഗിക്കുകയാണു കര്‍ണാടകയുടെ സര്‍ക്കാര്‍ വണ്ടി.
പക്ഷേ, കേരള ആര്‍ടിസിക്കു നഷ്ടക്കണക്കുകള്‍ മാത്രം പറയാനുള്ളപ്പോള്‍ തികഞ്ഞ പ്രഫഷണലിസത്തിന്റെ വഴിയേ പ്രതികൂല സാഹചര്യങ്ങളിലും സാമാന്യം നല്ല വരുമാനവും പ്രവര്‍ത്തനമൂലധനവും ഉറപ്പുവരുത്താന്‍ കര്‍ണാടക ആര്‍ടിസിക്കു കഴിയുന്നുണ്ട്.
ടൗണ്‍ ടു ടൗണ്‍, നോണ്‍ സ്റ്റോപ്പ് ബസുകളില്‍ കണ്ടക്ടര്‍മാരെ ഒഴിവാക്കി സ്റ്റോപ്പുകളില്വച്ച് ഡ്രൈവർതന്നെ ടിക്കറ്റ് കൊടുക്കുന്ന പരിഷ്കാരം ഇവിടെ കാല്‍നൂറ്റാണ്ടുമുമ്പ് തുടങ്ങിയതാണ്. കേരളത്തിലേതുപോലെ എല്ലായിടത്തും നിര്‍ത്തുന്ന ടൗണ്‍ ടു ടൗണ്‍ ബസുകളല്ലാത്തതിനാല് ഈ പരീക്ഷണം മികച്ച വിജയമാകുകയും ചെയ്തു. ദീര്‍ഘദൂര ബസുകളാണെങ്കില്‍ രണ്ടു ജീവനക്കാര്‍ ഉണ്ടാകുമെങ്കിലും രണ്ടുപേരും ഡ്രൈവറുടെയും കണ്ടക്ടറുടെയും ജോലി ചെയ്യുകയാണു പതിവ്. ഡീസല്‍ ഉപഭോഗത്തിനും മറ്റും കൃത്യമായ കണക്കുകളും പാലിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന രീതി കേരളത്തില്‍ അടുത്തകാലത്തു മാത്രം തുടങ്ങിയതാണ്. എന്നാല്‍ ബംഗളൂരുവിലെ മജസ്റ്റിക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കര്‍ണാടക ആര്‍ടിസിയുടെ വാണിജ്യസമുച്ചയങ്ങള്‍ ദശകങ്ങള്‍ക്കു മുന്നേയുണ്ട്.
ഓരോ റൂട്ടിലെയും വരുമാനം ഉയര്‍ത്താനും ഡീസല്‍ച്ചെലവ് കുറയ്ക്കാനുമുള്ള മാര്‍ഗങ്ങള്‍, അപകടസാധ്യത, മറ്റു പ്രായോഗിക പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം മാസത്തിലൊരിക്കലെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആ റൂട്ടിലെ ജീവനക്കാരുമായി ചര്‍ച്ചചെയ്യുന്നതും പതിവ് കീഴ്വഴക്കമാണ്. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ മുതിര്‍ന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമായി ചര്‍ച്ചചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കും. യാത്രക്കാരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും മികച്ച മാതൃക സൃഷ്ടിക്കാന്‍ കര്‍ണാടക ആര്‍ടിസിക്ക് കഴിയുന്നുണ്ട്. സ്വാഭാവികമായ സമരങ്ങളൊക്കെ ഉണ്ടാകാറുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ജീവനക്കാരുടെ ശമ്പളം മുടങ്ങുകയോ ചെറിയൊരു പരിധിക്കപ്പുറം സര്‍വീസുകള്‍ നിര്ത്തിവയ്ക്കേണ്ടിവരികയോ ചെയ്തിട്ടില്ല.
സംസ്ഥാന രാഷ്ട്രീയം കലുഷിതമായ വേളകളില്‍പ്പോലും ആര്‍ടിസി ബസുകളെ തല്ലിത്തകര്‍ക്കുന്ന സമീപനം കാര്യമായി ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.