കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശിക്കുന്ന മലയാളികളുടെ എണ്ണം മൂന്നിരട്ടിയായി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസത്തിൽ കേരളത്തിൽ വൻ കുതിച്ചുചാട്ടമാണ് പ്രകടമാകുന്നത്. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു മലയാളികൾ ഒഴുകിയെത്തുന്നുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു കോവിഡിനു മുന്പ് കേരളത്തിലേക്കു കൂടുതലായി എത്തിക്കൊണ്ടിരുന്നത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു ഏറെയും.
എന്നാൽ കോവിഡ് വന്നതോടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്തിനകത്ത് മലയാളികളുടെ യാത്രകൾ വർധിക്കുകയും ചെയ്തു. 37.94 ലക്ഷമാണ് കഴിഞ്ഞ നാലു മാസത്തെ വിനോദസഞ്ചാരികളുടെ എണ്ണം. ഇതിൽ 29.46 ലക്ഷം പേരും കേരളീയരായിരുന്നു. കോവിഡിനു ശേഷം സംസ്ഥാനത്തിനു പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ പോകാൻ മടിച്ചതോടെയാണ് ആഭ്യന്തര ടൂറിസത്തിന്റെ പ്രാധാന്യം വർധിച്ചത്.
കർണാടകയിൽനിന്ന് 1.85 ലക്ഷം വിനോദസഞ്ചാരികളും മഹാരാഷ്ട്രയിൽ നിന്ന് 1.09 ലക്ഷം പേരും, ആന്ധ്രപ്രദേശിൽനിന്ന് അന്പതിനായിരം പേരുമാണു കേരളത്തിലെത്തിയത്. കേരളത്തിലെ അതിരപ്പിള്ളി, കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, കോവളം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും വിനോദ സഞ്ചാരികൾ സന്ദർശിച്ചത്.
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതിയും ടൂറിസം വകുപ്പ് ആരംഭിക്കുന്നുണ്ട്. ഇതിനായി അന്പതു കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.