കോട്ടയം: കോവിഡ് കാലത്തിനുശേഷം ടൂറിസം മേഖലയിൽ ഉണർവ്. വിഷു, ഈസ്റ്റർ ആഘോഷങ്ങളായിരുന്ന കഴിഞ്ഞ ആഴ്ചയിൽ കോട്ടയം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കായിരുന്നു. ഇനി റംസാനും മധ്യവേനൽ അവധിക്കാലവും കൂടിയാകുന്പോൾ മണ്‍സൂണ്‍വരെ ടൂറിസം മേഖല സജീവമാകും. പിന്നാലെയെത്തുന്ന മണ്‍സൂണ്‍ ടൂറിസവും കെങ്കേമമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.
കുമരകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആഭ്യന്തര സഞ്ചാരികൾക്കു പുറമെ വിദേശികളും എത്തിത്തുടങ്ങി. ഇതോടെ ടൂറിസം പൂർണമായും തിരിച്ചുവരവിന്റെ പാതയിലാണ്. രണ്ട് ദിവസം കുമരകത്ത് ഹൗസ് ബോട്ടുകളും കിട്ടാനില്ലായിരുന്നു. ഇടവേളയ്ക്കുശേഷമാണു കായൽ സൗന്ദര്യം ആസ്വദിക്കാൻ വിദേശ ടൂറിസ്റ്റുകളെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട് ശിക്കാര വള്ളങ്ങിലുള്ള യാത്ര, കർഷകനൊപ്പം ഒരു ദിനം, വില്ലേജ് പാക്കേജ് തുടങ്ങിയവയ്ക്കും നിരവധിയാളുകളാണ് എത്തുന്നത്. ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട് കുമരകം, അയ്മനം, മറവൻതുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിൽ നിരവധി കുടുംബങ്ങളാണ് ജീവിക്കുന്നത്.
ഹോളിക്കുശേഷം എല്ലാ ദിവസവും സഞ്ചാരികളെത്തുന്നുണ്ട്. കർണാടക, ഡൽഹി. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണു കൂടുതലും ടൂറിസ്റ്റുകൾ എത്തുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കേരള ടൂറിസം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത് ഗുണകരമായി. വിദേശികൾ എത്തുന്നത് ശുഭ സൂചനയാണ്. ഇത് തുടർന്നാൽ ജൂണോടെ അറബികളും ഓഗസ്റ്റോടെ യുകെയിൽനിന്നും സഞ്ചാരികളെത്തുമെന്ന് ടൂറിസം സംരംഭകർ പറയുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഇല്ലിക്കൽക്കല്ല് ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷിതമായി നിന്ന് ഇല്ലിക്കൽക്കല്ലിന്റെ മനോഹരമായ വ്യു കാണുന്നതിനായി വേലിക്കെട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കോഫി ഷോപ്പ്, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.
വേനൽമഴ ആവശ്യത്തിനു ലഭിക്കുന്നതോടെ അരുവിക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കാനും സഞ്ചാരികൾ എത്തുന്നുണ്ട്. ഇവിടെ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയുടെ പുതിയ പ്രോജക്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സമർപ്പിച്ചിട്ടുണ്ട്. ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്.