കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 11-ാം പതിപ്പ് മേയ് അഞ്ചിന് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വിളംബര പ്രദര്‍ശനവും ഇതോടൊപ്പം നടക്കും.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററില്‍ ആറ്, ഏഴ് തീയതികളില്‍ വാണിജ്യ കൂടിക്കാഴ്ചകളും സെല്ലര്‍മാരുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. യുദ്ധം നടക്കുന്ന യുക്രെയിന്, റഷ്യ എന്നിവ ഉള്‍പ്പെടെ 69 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1500 ഓളം ബയേഴ്സിനെയാണ് പ്രതീക്ഷിക്കുന്നത്. എട്ടിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് മാര്‍ട്ടില്‍ പ്രവേശനം ഉണ്ടാകും.
കാരവാന് ടൂറിസമാകും ഇത്തവണ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ ഉത്തരവാദിത്വ ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗ് തുടങ്ങിയവയും പ്രധാന ആകര്‍ഷണങ്ങളാകും. കെടിഎമ്മില്‍ പങ്കെടുക്കാനെത്തുന്ന വ്ളോഗര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി പ്രീ മാര്‍ട്ട് ടൂര്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് മുന്‍ പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് പറഞ്ഞു.
എല്ലാ സ്റ്റാളുകളും ഇതിനകം വിറ്റുപോയി. ബയേഴ്സിന് നഗരത്തിലെ ഹോട്ടലുകള്‍ സൗജന്യതാമസം ഒരുക്കും. ഒരുലക്ഷം ചതുരശ്രയടി സ്ഥലത്ത് നടക്കുന്ന മാര്‍ട്ട് പൂര്‍ണമായും പ്ലാസ്റ്റിക്മുക്തവും കടലാസ് രഹിതവുമായിരിക്കുമെന്ന് സെക്രട്ടറി ജോസ് പ്രദീപ് അറിയിച്ചു. മലബാര്‍ മേഖലയിലെ ടൂറിസം സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തുകയും ബയര്മാര്ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.