കോവളത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ശക്തമായ തിരമാലകൾ ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടുപോയ വിദേശ വിനോദസഞ്ചാരിയെ ലൈഫ് ഗാർഡുമാർ സാഹസികമായി രക്ഷിച്ചു. അര മണിക്കൂറോളം കടലിൽ കിടന്ന് അവശനായ റഷ്യൻ സ്വദേശി മിഖായേൽ അകിമോവി (52)നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം ലൈറ്റ് ഹൗസ് ബീച്ചിലായിരുന്നു സംഭവം.
ഒരാഴ്ചയായി തിരയടിയും കടൽക്ഷോഭവും തുടരുന്നതിനാൽ കുളിക്കുന്നതിന് സഞ്ചാരികൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി അപകട സൂചനാ ബോർഡുകളും ബീച്ചിലുടനീളം സ്ഥാപിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ കുളിക്കാനിറങ്ങിയ മിഖായിലിനെ തിരച്ചുഴികൾ ഇരുന്നൂറ് മീറ്ററോളം ഉള്ളിലേക്ക് വലിച്ച് കൊണ്ടുപോയി. നീന്തിത്തളർന്ന് തിരിച്ച് വരാനാകാതെ അകപ്പെട്ട സഞ്ചാരി രക്ഷയ്ക്കായി അപേക്ഷിച്ചു. ഇതു കണ്ട ലൈഫ് ഗാർഡുമാരായ അഹമ്മദ് നസീർ, കെ.അനിൽകുമാർ എന്നിവർ റസ്ക്യൂ ട്യൂബുമായി കടലിലേക്ക് നീന്തി.
വെള്ളത്തിൽ താഴ്ന്ന് പോകുന്ന അവസ്ഥയിൽ ഏറെ അവശനായി മിഖായിലിനെ റസ്ക്യൂ ട്യൂബിനുള്ളിൽ കയറ്റിയെങ്കിലും ഇദ്ദേഹത്തിന്റെ ഭാരക്കൂടുതലും കാലപ്പഴക്കം ചെന്ന രക്ഷാ ഉപകരണവും കടൽക്ഷോഭവും കരയിലേക്കുള്ള യാത്രയ്ക്ക് തടസമായി. വിവരമറിഞ്ഞ് ഹൗവ്വാ ബീച്ചിൽ ഡ്യൂട്ടിയിലായിരുന്ന സൂപ്പർവൈസർ സുന്ദരേശന്റെ നേതൃത്വത്തിൽ സെൽവരാജ്, സന്തോഷ്, ശിശുപാലൻ എന്നിവരും രക്ഷാപ്രവർത്തനത്തിനിറങ്ങി. ഇവരുൾപ്പെട്ട സംഘം അര മണിക്കൂറോളം നീണ്ട സാഹസത്തിനൊടുവിൽ സഞ്ചാരിയെ കരയിൽ എത്തിച്ചു. തുടർന്ന് ടൂറിസം പോലീസിന്റെ സഹായത്തോടെ 108 ആംബുലൻസിൽ മിഖായേലിനെ ആശുപത്രിയിലേക്ക് മാറ്റി.